മാരത്തോണ്‍ പ്രസംഗം: കോറി ബുക്കറിന്റെ ചരിത്രനേട്ടം

ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നയങ്ങളില്‍ കടുത്ത പ്രതിഷേധവുമായി സെനറ്റര്‍ കോറി ബുക്കര്‍ ചരിത്രത്തിലേക്ക്. 25 മണിക്കൂറും 5 മിനിറ്റും നീണ്ട മാരത്തോണ്‍ പ്രസംഗത്തിലൂടെ സെനറ്റ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയ ബുക്കര്‍, റെക്കോര്‍ഡ് തകര്‍ത്ത് പുതിയൊരു അധ്യായം കുറിച്ചു. 1957ല്‍ പൗരാവകാശ നിയമത്തിനെതിരെ 24 മണിക്കൂറും 18 മിനിറ്റും പ്രസംഗിച്ച സ്‌ട്രോം തുര്‍മണ്ടിന്റെ റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്തത്.
തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ആരംഭിച്ച പ്രസംഗം ചൊവ്വാഴ്ച രാത്രി 8:05 ന് അവസാനിപ്പിച്ച ബുക്കര്‍, സെനറ്റ് ഫ്‌ളോറില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്കായിരുന്നു. സൂര്യോദയത്തില്‍ ആരംഭിച്ച വാക്കുകളുടെ ഒഴുക്കിന് രാത്രി നക്ഷത്രങ്ങളുടെ സാന്നിധ്യത്തിലാണു അവസാനമായത്. സെനറ്റ് ചേംബറിലാകെ കരഘോഷം മുഴങ്ങിയപ്പോള്‍, സെനറ്റ് ന്യൂനപക്ഷ നേതാവ് ചക്ക് ഷൂമര്‍ അഭിമാനഭാവത്തോടെ എഴുന്നേറ്റ് ‘അമേരിക്ക നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു’ എന്ന് പ്രഖ്യാപിച്ചു.
പ്രസിഡന്റ് ട്രംപിന്റെയും ഡോജിന്‍റെ തലവനായ ശതകോടീശ്വരന്‍ എലോണ്‍ മസ്‌കിന്റെയും നടപടികളെ ഉദ്ദേശിച്ചായിരുന്നു ഈ പ്രതിഷേധം. ട്രംപിന്റെ നയങ്ങള്‍ നിയമവാഴ്ചയെയും ഭരണഘടനയെയും ജനങ്ങളുടെ അവകാശങ്ങളെയും അവഗണിക്കുന്നതാണെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രസംഗം. ആരോഗ്യസംരക്ഷണം, സാമൂഹികസുരക്ഷ, കുടിയേറ്റം, സമ്പദ്‌വ്യവസ്ഥ, പൊതുവിദ്യാഭ്യാസം, മാധ്യമസ്വാതന്ത്ര്യം, വിദേശനയം തുടങ്ങി വിവിധ വിഷയങ്ങളിലായി ട്രംപിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ബുക്കര്‍ ഉന്നയിച്ചത്.
പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് വെറും 71 ദിവസങ്ങള്‍ക്കുള്ളില്‍ ട്രംപ് ഭരണകൂടം അമേരിക്കയുടെ സുരക്ഷയെയും സാമ്പത്തിക സ്ഥിരതയെയും ജനാധിപത്യത്തിന്റെ അടിത്തറയെയും പൊതു മാന്യതയെയും ദോഷകരമായി ബാധിച്ചുവെന്ന് ബുക്കര്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധത്തിന്റെ ശബ്ദം കേള്‍പ്പിക്കാതെ മിണ്ടാതിരിക്കാനാവില്ലെന്ന ബുക്കറുടെ ഉറച്ച നിലപാട്, രാജ്യത്തിനുള്ള നവോത്ഥാനസന്ദേശമായി മാറി.