അമേരിക്കൻ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ട്രംപിന്റെ വലിയ മാറ്റം

വാഷിങ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപ് അമേരിക്കൻ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ പ്രധാന മാറ്റങ്ങളുമായി പുതിയ എക്സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കി. 2025 മാർച്ച് 25ന് പുറത്തിറക്കിയ ഈ ഉത്തരവ് ‘പ്രീസെർവിങ് ആൻഡ് പ്രൊട്ടക്റ്റിങ് ദി ഇന്റഗ്രിറ്റി ഓഫ് അമേരിക്കൻ ഇലക്ഷൻസ്’ എന്ന പേരിലാണ് പ്രസിദ്ധീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, എല്ലാ വോട്ടർമാരും രേഖാമൂലമുള്ള തിരിച്ചറിയൽ തെളിവുകൾ ഹാജരാക്കേണ്ടതായിരിക്കും, അല്ലെങ്കിൽ വോട്ട് ചെയ്യാൻ അനുമതി ലഭിക്കില്ല.
അതേസമയം, തിരഞ്ഞെടുപ്പ് ദിവസത്തിന് മുമ്പായി വന്ന തപാൽ വോട്ടുകൾ മാത്രം എണ്ണണമെന്നും, തെരഞ്ഞെടുപ്പ് തീയതി കഴിഞ്ഞ് എത്തിയ വോട്ടുകൾ പരിഗണിക്കേണ്ടതില്ലെന്നും പുതിയ ഉത്തരവ് നിർദേശിക്കുന്നു. ഇതുവരെ തിരഞ്ഞെടുപ്പ് തീയതിക്ക് ശേഷവും തപാൽ വോട്ടുകൾ സ്വീകരിക്കുകയും ഗണനയിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഇനിയുമുതൽ തെരഞ്ഞെടുപ്പ് തീയതി വരെയെത്തിയ വോട്ടുകൾ മാത്രം പരിഗണിക്കാനാകുമെന്നാണ് പുതിയ നിയമം.
ട്രംപ് ഈ നീക്കത്തെ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനുള്ള ഒരു സംരക്ഷണ നടപടിയായി വിശേഷിപ്പിക്കുന്നതിനിടെ, ഡെമോക്രാറ്റുകൾ ഈ ഉത്തരവിനെ ഭരണഘടനാ വിരുദ്ധമാണെന്നും ഫെഡറൽ നിയമങ്ങളെ മറികടക്കാൻ ശ്രമിക്കുന്നതാണെന്നും ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് നിയമങ്ങൾ നിർദേശിക്കാൻ പ്രസിഡന്റിന് അധികാരമില്ലെന്നതാണ് അവരുടെ പ്രധാന വാദം.
അമേരിക്കയിലെ മുപ്പതോളം സംസ്ഥാനങ്ങളിൽ നിലവിലുള്ള നിയമപ്രകാരം, ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പോൾ ചെയ്ത വോട്ടുകൾ മാത്രം പരിഗണിക്കണം. എന്നാൽ, തെരഞ്ഞെടുപ്പിനു ശേഷവും വോട്ടുകൾ സ്വീകരിക്കേണ്ട സാഹചര്യം ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ട്രംപ് പക്ഷം ചൂണ്ടിക്കാട്ടുന്നു. അതേസമയം, വോട്ട് ബൈ മെയിൽ സമ്പ്രദായത്തിന് ഫെഡറൽ കോടതികൾ നേരത്തെ തന്നെ അംഗീകാരം നൽകിയതിനാൽ ഈ ഉത്തരവ് ശക്തമായ എതിർപ്പിന് ഇടയാക്കും.
അഞ്ചാം യുഎസ് കോർട്ട് ഓഫ് അപ്പീൽസിലെ ജഡ്ജിമാരിൽ ചിലർ മാത്രമാണ് ഇതിനെ പിന്തുണച്ചിട്ടുള്ളത്. 2024 ഒക്ടോബറിൽ ട്രംപ് നിയമിച്ച ജഡ്ജിമാർ മിസിസിപ്പി സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷമുള്ള വോട്ടുകൾ എണ്ണുന്നത് ഫെഡറൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്നു വിധിച്ചു. ഫെഡറൽ നിയമപ്രകാരം, പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള തീയതി നവംബറിലെ ആദ്യ തിങ്കളാഴ്ചയ്ക്ക് ശേഷമുള്ള ചൊവ്വാഴ്ചയാണ്. 1845 മുതൽ തുടരുന്ന ഈ നിയമ വ്യവസ്ഥ ഇപ്പോഴും പ്രാബല്യത്തിലാണ് എന്നതാണ് അവരുടെ വാദം.
നിയമപരമായി, തെരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റാനായി പ്രസിഡന്റിന് അധികാരമില്ലെന്ന വാദം ശക്തിപ്പെടുന്ന സാഹചര്യത്തിൽ, ഈ പുതിയ ഉത്തരവ് കോടതികളിൽ വെല്ലുവിളിക്കപ്പെടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.