നോബൽ ജേതാവായ ഓസ്‌കാർ ഏരിയാസിന്റെ യുഎസ് വീസ റദ്ദാക്കി

കോസ്റ്റാറിക്കയുടെ മുൻ പ്രസിഡന്റും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ഓസ്‌കാർ ഏരിയാസിന്റെ യുഎസ് വീസ റദ്ദാക്കപ്പെട്ടു. ഡൊണാൾഡ് ട്രംപിനെ പരസ്യമായി വിമർശിച്ചതിന് ആഴ്ചകൾക്കു ശേഷം യുഎസിന്റെ ഭാഗത്ത് നിന്നുള്ള ഈ നീക്കം വിവാദങ്ങൾക്കിടയാക്കുകയാണ്. യുഎസ് പ്രസിഡന്റിന്റെ പെരുമാറ്റത്തെ ഒരു റോമൻ ചക്രവർത്തിയുടെ പെരുമാറ്റവുമായി താരതമ്യപ്പെടുത്തിയിരുന്നുവെന്നതാണ് നടപടി കൈകൊണ്ടതിന്റെ പശ്ചാത്തലം.
മധ്യ അമേരിക്കയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ നിർണായകമായ ഇടപെടലുകൾ നടത്തിയതിന്റെ അംഗീകാരമായി സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച 84 കാരനായ ഏരിയാസിന് യുഎസ് അധികൃതർ ഇതുസംബന്ധിച്ച് ഒരു വിശദീകരണവും നൽകിയിട്ടില്ല. കോസ്റ്റാറിക്കൻ തലസ്ഥാനമായ സാൻ ജോസിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോൾ, ഈ തീരുമാനത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
2006 മുതൽ 2010 വരെ കോസ്റ്റാറിക്കയുടെ പ്രസിഡന്റായിരുന്ന കാലഘട്ടത്തിൽ ചൈനയുമായുള്ള തനതായ ബന്ധം ഒരു കാരണമായേക്കാമെന്ന് അദ്ദേഹം സൂചന നൽകി. യുഎസ് സർക്കാരിൽ നിന്ന് കുറച്ച് വരികളുള്ള ഒരു ഇമെയിൽ മാത്രമേ ഇതുസംബന്ധിച്ച് ലഭിച്ചിട്ടുള്ളൂവെന്ന് ഏരിയാസ് വ്യക്തമാക്കി. തനിക്കു ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ, ഈ തീരുമാനം ട്രംപിന്റെ വ്യക്തിപരമായ ഇടപെടലിൽ നിന്നല്ല, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ തീരുമാനമായിരിക്കാമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.