ഹഡ്‌സൺ നദിയിലേക്ക് ഹെലികോപ്റ്റർ തകർന്നുവീണ് : സ്പാനിഷ് വിനോദ സഞ്ചാരികുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

ന്യൂയോർക്ക് : ന്യൂയോർക്കിലെ ഹഡ്‌സൺ നദിയിൽ ഒരു ഹെലികോപ്റ്റർ തകർന്നുവീണ് സ്പെയിനിൽ നിന്നുള്ള ഒരു വിനോദസഞ്ചാരികുടുംബത്തിലെ അഞ്ച് പേരും അമേരിക്കൻ പൈലറ്റുമടങ്ങുന്ന ആറ് പേർ മരിച്ചു. മൂന്ന് കുട്ടികളുള്‍പ്പെടെയുള്ള കുടുംബം സന്ദര്‍ശനത്തിനായി എത്തിയതായിരുന്നു. ദുരന്തം ഉച്ചകഴിഞ്ഞ് 3.15ന് മാൻഹട്ടന്റെ പടിഞ്ഞാറൻ ഭാഗത്തായി വെസ്റ്റ് വില്ലേജിന് സമീപമായിരുന്നു.

ആഘാതകരമായ സംഭവത്തിൽ നാലുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടപ്പോൾ മറ്റ് രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. മരണപ്പെട്ടവരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിക്കുന്നതുവരെ പുറത്തുവിടില്ലെന്ന് ന്യൂയോർക്കിലെ പോലീസ് കമ്മീഷണർ ജെസീക്ക ടിഷ് അറിയിച്ചു. രക്ഷാപ്രവർത്തന ബോട്ടുകൾ ഉടൻ സംഭവസ്ഥലത്തെത്തിയതായി ഫയർ കമ്മീഷണർ റോബർട്ട് ടക്കർ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിൽ ഹെലികോപ്റ്റർ ആകാശത്ത് നിന്ന് തലകീഴായി നദിയിലേക്ക് വീഴുന്നത് കാണാം. ജോർജ്ജ് വാഷിംഗ്ടൺ പാലത്തിന്റെ മുകളിൽ നിന്ന് ന്യൂജേഴ്‌സി തീരത്തേക്ക് തിരിഞ്ഞതിന് പിന്നാലെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. അപകടത്തിൽപ്പെട്ടത് ബെൽ 206 മോഡലിൽപ്പെട്ട 2 ബ്ലേഡുള്ള ഹെലികോപ്റ്ററാണ്. ഈ മോഡൽ സാധാരണയായി സൈറ്റ് സീയിങ് കമ്പനികൾ, ടെലിവിഷൻ ന്യൂസ് സ്റ്റേഷനുകൾ, പൊലിസ് വിഭാഗങ്ങൾ തുടങ്ങിയവ ഉപയോഗിക്കുന്നതാണ്.
അപകടത്തിന്റെ കാരണം നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ നേതൃത്വത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷിക്കുകയാണ്. 2018-ൽ ഈസ്റ്റ് നദിയിൽ നടന്ന ടൂറിസ്റ്റ് ഹെലികോപ്റ്റർ അപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവവും, 2009-ൽ ഇറ്റാലിയൻ വിനോദസഞ്ചാരികളുമായി പോയ ഹെലികോപ്റ്റർ സ്വകാര്യ വിമാനവുമായി കൂട്ടിയിടിച്ചുണ്ടായ ഒമ്പത് മരണങ്ങളും അനുസ്മരിപ്പിക്കുന്ന അപകടം കൂടിയാണിത്.
ഹഡ്‌സൺ നദിക്കരയിലെ ജനകീയ വിനോദസഞ്ചാര കേന്ദ്രമായ വെസ്റ്റ് വില്ലേജ് മേഖലയിൽ അരങ്ങേറിയ ഈ ദുരന്തം നഗരവാസികളെയും സന്ദർശകരെയും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.