ഇന്ത്യയുടെ താല്‍പര്യത്തിന് മുൻഗണന; സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ല: കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍

ന്യൂഡല്‍ഹി: യുഎസുമായുള്ള ഉഭയകക്ഷി വ്യാപാരകരാറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും തോക്കിന്റെ മുനയിൽ നിർത്തിയുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറല്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ വ്യക്തമാക്കി. ജനതയുടെ താല്‍പര്യത്തെ ഹനിക്കാത്ത വിധത്തിലായിരിക്കും അന്തിമ തീരുമാനം. പെട്ടെന്നുള്ള നടപടികള്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.
ഉഭയകക്ഷി വ്യാപാരകരാര്‍ സംബന്ധിച്ച് യുഎസുമായി തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടക്കുകയാണ്. പൊതുജനതാല്‍പര്യം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിന്‍റേതാണെന്നും ഗോയല്‍ വ്യക്തമാക്കി. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കാന്‍ ശ്രമിക്കുന്നതായി അദ്ദേഹം അറിയിച്ചു. 2030ഓടെ ഇരുരാജ്യങ്ങളിലെയും ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ ഡോളറിലേക്കെത്തിക്കലാണ് ലക്ഷ്യം.
“തോക്കിന്റെ മുനയിൽ നിർത്തിയുള്ള ചര്‍ച്ചകള്‍ സര്‍ക്കാരിന് അംഗീകരിക്കാനാകില്ലെന്ന വസ്തുത പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്ക് സമയപരിധിയുണ്ടാകുന്നത് നല്ലതാണ്, പക്ഷേ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കപ്പെടാതെ വന്നു എടുക്കുന്ന തിരക്കിട്ട തീരുമാനങ്ങള്‍ ഒരിക്കലും ശരിയല്ല,” എന്നാണ് അദ്ദേഹത്തിന്റെ വ്യക്തമായ നിലപാട്.
ഇന്ത്യ-യുഎസ് വ്യാപാരകരാറുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരകരാറിനായുള്ള ചര്‍ച്ചകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കരാര്‍ വേഗം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഇറ്റലി-ഇന്ത്യ ബിസിനസ് ഫോറത്തില്‍ വെച്ച് മുന്നോട്ടുവച്ചു.