
ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ മുനിസിപ്പൽ കൗൺസിലർ ആനന്ദ് ഷാ (42) ക്ക് എതിരെ ചൂതാട്ട റാക്കറ്റിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയെന്നാരോപിച്ച് ന്യൂജേഴ്‌സി സംസ്ഥാന അറ്റോർണി ജനറൽ കുറ്റം ചുമത്തി. സംഘടിത കുറ്റവ്യവഹാരം, ചൂതാട്ട കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി ആകെ 39 പേരെ പ്രതിചേർത്ത കേസിലാണ് ഷാ ഉൾപ്പെട്ടിരിക്കുന്നത്.
സംസ്ഥാനത്തെ 12 സ്ഥലങ്ങളിൽ നടത്തിയ അതിവേഗ പരിശോധനകളുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തെ തുടർന്നാണ് കുറ്റപത്രം. കേസിൽ ഫ്ലോറിഡയിലെ ലോങ്‌വുഡിൽ നിന്നുള്ള സമീർ എസ്. നദ്കർണിയടക്കമുള്ള മറ്റ് ഇന്ത്യൻ വംശജന്മാരും പ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം അമേരിക്കൻ ക്രൈം ചരിത്രത്തിൽ ഏറെ ഭീകരത വിതച്ചിട്ടുള്ള “ലുച്ചീസ് ക്രൈം ഫാമിലി” എന്ന ഇറ്റാലിയൻ-അമേരിക്കൻ മാഫിയ സംഘവുമായുള്ള ബന്ധം അന്വേഷിച്ചും തെളിവുകൾ പുറത്തുവന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
ന്യൂജേഴ്‌സിയിൽ വളർന്നുവരുന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാളായി കണക്കാക്കിയിരുന്ന ഷാ, ന്യൂയോർക്കിലെ പ്രോസ്‌പെക്റ്റ് പാർക്ക് മേഖലയിൽ മുനിസിപ്പൽ കൗൺസിലറായി രണ്ടാം തവണയും സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. നഗരസഭയിലെ ധനകാര്യം, സാമ്പത്തിക വികസനം, ഇൻഷുറൻസ് വിഭാഗങ്ങൾ എന്നിവയുടെ ചുമതലയും അദ്ദേഹത്തിനായിരുന്നു.
നിയമവിരുദ്ധ പോക്കർ ഗെയിമുകളും ഓൺലൈൻ സ്‌പോർട്‌സ്ബുക്ക് സംവിധാനങ്ങളും നിയന്ത്രിച്ചുവെന്നതും ലുച്ചീസ് ക്രൈം ഫാമിലിയുമായി നേരിട്ടുള്ള ഇടപെടലുണ്ടായതുമാണ് ഇപ്പോൾ അന്വേഷണത്തിന്റെ പ്രാധാന്യഭാഗം. സംഭവത്തിൽ കൂടുതൽ വ്യക്തത ലഭിക്കണമെങ്കിൽ, ഗഹനമായ അന്വേഷണം ആവശ്യമുണ്ടെന്നും നിയമപ്രവര്‍ത്തകരും അന്വേഷണ ഏജൻസികളും സൂചിപ്പിക്കുന്നു.