AmericaFestivals

വിശ്വമലയാളികൾക്ക് വിഷു സമ്മാനമായി “ഡിമലയാളി” ഡിജിറ്റൽ പത്രം കൈരളിയ്ക്ക് സമർപ്പിച്ചു.

ഡാളസ്: ഭാഷയുടേയും, ദേശത്തിൻ്റേയും അതിർവരമ്പുകൾ ഭേദിച്ച് ലോക സംഭവങ്ങളും, പിറന്ന നാട്ടിലെ വർത്തമാനങ്ങളും,  പ്രവാസി നാട്ടിലെ അമേരിക്കൻ മലയാളികളെ സംബന്ധിക്കുന്ന വാർത്തകളും അനുവാചകരുടെ വിരൽ തുമ്പിൽ ഉടനടി എത്തിക്കുവാൻ സജ്ജമായ ഡാളസ് ആസ്ഥാനമായി പുറത്തിറക്കുന്ന ഡി മലയാളി എന്ന ഡിജിറ്റൽ പത്രം ട്വിൻ്റി ഫോർ ന്യൂസ് എഡിറ്റർ ഇൻ ചാർജ്ജ് ശ്രീ പി.പി.ജെയിംസ് ഏപ്രിൽ 13 ഞായറാഴ്ച ഡാളസ് സമയം രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം ഏപ്രിൽ 14 രാവിലെ 6:30) ഔപചാരികമായി വായനയാർക്കായി സമർപ്പിച്ചു.

ഡാളസിലെ സാഹിത്യ- മാധ്യമ രംഗത്തെ സ്നേഹിതർ ഇങ്ങനെ ഒരു ഉദ്യമത്തിന് തയ്യാറായത് ഏറെ അഭിമാനപുരസ്സരം ഓർക്കുന്നതായും, സദുദ്ദേശത്തെ സന്തോഷ പുരസ്പരം സ്വാഗതം ചെയ്യുന്നതായി പ്രകാശന ചടങ്ങിൽ ശ്രീ. പി.പി. ജെയിംസ് പറഞ്ഞു.  പ്രവാസ നാട്ടിൽ ആണെങ്കിൽ കൂടി ജനിച്ചു വളർന്ന നാടിൻ്റെ സംസ്കാരവും, ഭാഷയും, നിലനിർത്താൻ ഡി മലയാളി എന്ന പത്രത്തിനു സാധിതക്കട്ടെയെന്നു  അദ്ദേഹം ആശംസിച്ചു
. 2023 ഒക്ടോബറിൽ ഡാളസിൽ വന്ന് നേരിട്ട് കണ്ട അനുഭവങ്ങളും, സൗഹൃദമുള്ള ജനതയുടെ സമീപനവും അദ്ദേഹം അയവിറക്കി . കേരളത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ലഹരിയുടെ വിപത്തിനെ കുറിച്ച് ജനങ്ങളെ അവബോധരാക്കുന്നതോടൊപ്പം, ഡി മലയാളി പത്രവും പ്രവർത്തകരും ലഹരിക്കെതിരായ പോരാട്ടത്തിൽ പങ്കാളികൾ ആകണമെന്നും ചൂണ്ടിക്കാട്ടി.  

24 ന്യൂസ് അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് ചടങ്ങിൽ ആശംസകൾ അറിയിച്ചു  തനിക്ക് ഏറെ ഹൃദയ ബന്ധവും, ഇഴയടുപ്പമുള്ള മാധ്യമ പ്രവർത്തകരുടെ സംരംഭത്തിന് ആശംസകൾ അറിയിച്ചു . അമേരിക്കൻ മലയാളികളുടെ സംഘടനാ വാർത്തകളിൽ മാത്രം ഒതുങ്ങി നിൽക്കാതെ, ലോകത്തെ മൊത്തം ബാധിക്കുന്ന അമേരിക്കയിലെ രാഷ്ട്രീയ – സാമൂഹിക പ്രശ്നങ്ങളിൽ അമേരിക്കൻ ജനതയുടെ ഹൃദയസ്പന്ദനം ലോകത്തെ അറിയിക്കുക ഉത്തരവാദിത്വം കൂടി ഡി മലയാളി ഏറ്റെടുക്കണമെന്നു  ശ്രീ അരവിന്ദ് പറഞ്ഞു  

എ.സി. ജോർജ്ജ് ഹ്യൂസ്റ്റൺ ( മാധ്യമ പ്രവർത്തകൻ), സ്റ്റാൻലി ജോർജ്ജ്( മാധ്യമ പ്രവർത്തകൻ),ഷിജു ഏബ്രഹാം (ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യുക്കേഷൻ സെൻ്റർ) സി.വി. ജോർജ്, പാസ്റ്റർ ഷിബു സാമുവേൽ, ഹരിദാസ് തങ്കപ്പൻ (ലിറ്ററി സൊസൈറ്റി അമേരിക്ക, വൈസ് പ്രസിഡൻറ്),തോമസ് മാത്യു (ജീമോൻ റാന്നി ഹൂസ്റ്റൺ ഐ പി സി എൻ എ ), രാജു തരകൻ(ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്)എന്നിവരും  സിജു വി ജോർജജ് , പ്രസാദ് തീയാടിക്കൽ, തോമസ് ചിറമേൽ, അനശ്വർ മാമ്പള്ളി എന്നി ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസിൻ്റെ ഭാരവാഹികളും  ഡി മലയാളി പത്രത്തിൻ്റെ അണിയറ പ്രവർത്തകരെ  ആശംസകൾ  അറിയിച്ചു.

ഡി മലയാളി ഓൺലൈൻ പത്രത്തിൻറെ ചീഫ് എഡിറ്റർ ശ്രീ പി പി ചെറിയാൻ പ്രകാശന കർമ്മ ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചു. മാനേജിംഗ് എഡിറ്റർ ശ്രീ സണ്ണി മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ചു, ആമുഖ പ്രസംഗം നടത്തി.  ആൾസ്റ്റർ മാമ്പള്ളി ഹൃദ്യമായ ചെറു കവിത അവതരിപ്പിച്ചു.  ലോക വാർത്തകളും, കലാ-കായിക രംഗത്തെ വാർത്തകളും,  വർത്തമാനങ്ങളും, സാഹിത്യ കൃതികളും, സാമൂഹിക-സാംസ്‌കാരിക – പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ എന്നിവ ഉടനടി അനുവാചകരിൽ എത്തിക്കാൻ സദാ കർമ്മനിരതരായിരിക്കുമെന്ന് പത്രാധിപ സമിതി ഉറപ്പു നൽകി.  ഡി മലയാളി പത്രത്തിൻ്റെ അഭ്യുദയകാംക്ഷികളും, സാഹിത്യ സ്നേഹികളുമായ നിരവധി പേർ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു.

-സാം മാത്യു

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button