
ടെക്സസ്അ : മേരിക്കയിലെ ടെക്സസിൽ നിന്നുമാണ് ബഹിരാകാശം വരെ എത്തിയ ആ വിജയഗാഥയുടെ തുടക്കം. സമകാലിക പോപ് ഗായിക കെയ്റ്റി പെറി അടക്കം ആറ് സ്ത്രീകൾക്കാണ് ഇതിഹാസമെഴുതാൻ കഴിഞ്ഞത്. പ്രശസ്ത ബഹിരാകാശ ടൂറിസം കമ്പനിയായ ജെഫ് ബെസോസ് സ്ഥാപിച്ച ബ്ലൂ ഒറിജിന്റെ ബഹിരാകാശ വാഹനമായ ‘ന്യൂ ഷെപാഡ്’ മുഖേനയാണ് അവരുടെ യാത്ര.
സ്ത്രീകൾ മാത്രം ഉള്ള ആദ്യ ബഹിരാകാശയാത്ര എന്നതുകൊണ്ടുതന്നെ ഈ യാത്രയെ ചരിത്രത്തിൽ ഒരു സുവർണാധ്യായമായി മാറ്റുകയാണ്. അമേരിക്കൻ സമയം തിങ്കളാഴ്ച രാവിലെ 9.31ന് പുറപ്പെട്ട പേടകം ഏതാണ്ട് 11 മിനിറ്റ് നീണ്ട യാത്രക്കുശേഷം സുരക്ഷിതമായി ഭൂമിയിലേക്കുമടങ്ങി. ആകെയുള്ള സമയത്തിൽ ചെറിയൊരു ഭാഗം അവർ ഗുരുത്വാകർഷണമില്ലാത്ത അന്തരീക്ഷത്തിൽ ചിലവഴിച്ചു.
ഈ ചരിത്രയാത്രയുടെ ഭാഗമായി കെയ്റ്റി പെറിയോടൊപ്പം ബെസോസിന്റെ ഭാവിവധു ലോറെൻ സാഞ്ചസും, പ്രമുഖ മാധ്യമപ്രവർത്തകയും സിബിഎസ് അവതാരകയുമായ ഗെയ്ൽ കിങും, മുൻ നാസ റോക്കറ്റ് സയന്റിസ്റ്റ് ഐഷ ബോയും, സയന്റിസ്റ്റായ അമാൻഡ വീനും, ചലച്ചിത്ര നിർമ്മാതാവ് കെറിയാൻ ഫ്ലിന്നും ഉണ്ടായിരുന്നു.
ബഹിരാകാശ യാത്രയുടെ 60 വർഷത്തെ ചരിത്രത്തിൽ ആദ്യമായി സ്ത്രീകൾക്കായി മാത്രമായി സംഘടിപ്പിച്ച ഈ സംരംഭം, ലോകം മുഴുവൻ സ്ത്രീകളുടെ സ്വപ്നങ്ങൾക്ക് ചിറകുതരും വിധത്തിൽ മാറുകയാണ്. ഇത്തരം ശ്രമങ്ങൾ അടുത്ത കാലത്ത് ബഹിരാകാശം പോലും സ്വപ്നം മാത്രമല്ലെന്ന് തെളിയിക്കുന്നതിനു മാതൃകയാവുന്നു.