ഭീകരതയ്ക്ക് പിന്നില്‍ പാക്ക് ബന്ധം: നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്, ഇന്ത്യ ശക്തമായി മറുപടി നല്‍കി

ജമ്മുകശ്മീരിലെ പഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 26 പേര്‍ ജീവന്‍ നഷ്ടപ്പെട്ടതിന് പിന്നാലെ, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം വീണ്ടും തീവ്രതയിലേക്ക് എത്തുകയാണ്. ആക്രമണത്തില്‍ പാക് ബന്ധം തെളിയപ്പെട്ടതോടെ ഇന്ത്യ കടുത്ത നിലപാട് സ്വീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണരേഖയിലെയും ഇന്ത്യന്‍ സൈനിക പോസ്റ്റുകളിലെയും വെടിവയ്പ്പ് ഉണ്ടായത്.
പാക് സേന പ്രകോപനപരമായി വെടിയുതിര്‍ത്തതിനെതിരെ, ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിയുമായി പ്രതികരിച്ചു. ഇന്ത്യന്‍ സേനയുടെ ഭാഗത്തു നിന്നും ഫലപ്രദമായ പ്രതികരണം ഉണ്ടായെന്നും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. പാക്കിസ്ഥാന്റെ ഈ നീക്കം ഭീകരതയോട് സഹനമില്ലെന്ന ഇന്ത്യന്‍ നിലപാടിന്റെ മറുപടിയാക്കാനുള്ള ശ്രമമായേക്കാമെന്നുമാണ് വിലയിരുത്തല്‍.
തീവ്രവാദ ബന്ധം തെളിയിച്ച പശ്ചാത്തലത്തില്‍ ഇന്ത്യ, പാക് സൈനിക നയതന്ത്രജ്ഞരെ പുറത്താക്കല്‍, ആറു ദശാബ്ദത്തിലേറെ പഴക്കമുള്ള സിന്ധു നദീജല കരാര്‍ റദ്ദാക്കല്‍, അട്ടാരിയിലെ ഐസിപി അടച്ചുപൂട്ടല്‍ തുടങ്ങിയ കടുത്ത നടപടികള്‍ സ്വീകരിച്ചു. ഇന്ത്യയുടെ ഈ നീക്കത്തിന് പാകിസ്താന്റെ മറുപടിയായി, പാക് വ്യോമപാതകള്‍ ഇന്ത്യക്കായി അടച്ചുപൂട്ടുകയും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്‍കിയ വിസകള്‍ റദ്ദാക്കുകയും ചെയ്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥ പുതിയ തലത്തിലേക്കാണ് മാറുന്നത്. അതിനിടെ, ജനങ്ങളുടെ സുരക്ഷയും ദേശീയ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഇന്ത്യ കർശനമായ സമീപനം തുടരുമെന്ന് കേന്ദ്ര അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.