പാകിസ്താൻ യുദ്ധത്തിന് ഒരുക്കമെടുക്കുന്നുവോ? തുര്‍ക്കി ആയുധങ്ങളുമായി രംഗത്ത്

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം പഹൽഗാം വിഷയത്തെത്തുടർന്ന് കൂടുതൽ വഷളാകുമ്പോൾ, പാകിസ്താനിലെ കരാച്ചി വിമാനത്താവളത്തിൽ തുര്‍ക്കിയുടെ ഹെര്‍ക്കുലീസ് സി-130 ചരക്കുവിമാനങ്ങൾ ഇറങ്ങിയതായി റിപ്പോർട്ടുകൾ. പടക്കോപ്പുകളും ആയുധങ്ങളും ഡ്രോണുകളും ഇലക്ട്രോണിക് വാർഫെയര്‍ സംവിധാനങ്ങളും ടാങ്ക് വേധ മിസൈലുകളും അടങ്ങിയിരുന്നു ഇവയിൽ.
പാകിസ്താനുമായുള്ള പ്രതിരോധ സഹകരണത്തിന്റെ ഭാഗമായാണ് തുര്‍ക്കി ഈ നീക്കം നടത്തിയതെന്നാണ് സൂചന. തുര്‍ക്കി നിർമ്മിച്ച ബെയ്‌റാക്തര്‍ ഡ്രോണുകൾ ഇതിനോടകം പാക് സൈന്യം വ്യാപകമായി ഉപയോഗിക്കുന്നു. പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്താൻ വാങ്ങിയതായും, അതിന് പുറമെ ചൈനയിൽ നിന്നുള്ള ദീര്‍ഘദൂര മിസൈലുകളും പാകിസ്താനിൽ എത്തിച്ചിരുന്നതായും സംശയങ്ങൾ വർദ്ധിക്കുന്നു.
കറാച്ചിയിൽ ഇറങ്ങിയ ആറു ഹെര്‍കുലീസ് സി-130 വിമാനങ്ങൾ ആയുധങ്ങളും രഹസ്യ സാങ്കേതിക ഉപകരണങ്ങളും കൊണ്ടുവന്നതാണെന്നതാണ് വിവരം. ഇന്ത്യയ്ക്കെതിരെ യുദ്ധത്തിന് പാകിസ്താൻ തയ്യാറെടുക്കുന്നതിന്റെ ഭാഗമാണോയെന്ന ആശങ്ക ശക്തമാകുകയാണ്.
അതേസമയം, ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും തമ്മിൽ ഇന്ന് നിർണായക സുരക്ഷാ കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഈ യോഗത്തിൽ പങ്കെടുക്കും.
പാകിസ്താൻ വ്യോമസേനയുടെ ഏറ്റവും പുതിയ ജെഎഫ്-17 ബ്ലോക്ക് III യുദ്ധവിമാനങ്ങളിൽ ചൈന നിർമ്മിച്ച പിഎൽ-15 ബിയോണ്ട് വിഷ്വൽ റേഞ്ച് മിസൈലുകൾ ഘടിപ്പിച്ചിരിക്കുന്നു. 200 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈലുകൾ പാക്ക് സൈന്യത്തിനു ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ആഭ്യന്തര സ്റ്റോക്കുകളിൽ നിന്നാണ് ലഭിച്ചത്.