അമേരിക്കൻ പൗരന്മാർക്ക് വരുമാന നികുതി ഒഴിവാക്കാൻ സാധ്യത: ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കൻ പൗരന്മാരെ സന്തോഷിപ്പിക്കുന്ന വാഗ്ദാനവുമായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. രാജ്യത്തേക്കുള്ള ഇറക്കുമതികൾക്ക് ചുമത്തുന്ന താരിഫുകൾ, അമേരിക്കൻ ജനങ്ങളുടെ വരുമാന നികുതിയിൽ വലിയ കുറവ് ഉണ്ടാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ശനിയാഴ്ച തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് അദ്ദേഹം ഈ വാഗ്ദാനം നടത്തിയിരിക്കുന്നത്.
വർഷം 200,000 ഡോളറിൽ താഴെ വരുമാനമുള്ളവരെയാണ് പ്രധാനമായി ലക്ഷ്യമിടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. താരിഫുകൾ പ്രാബല്യത്തിൽ വന്നതോടെ, പലർക്കും വരുമാന നികുതി ഗണ്യമായി കുറയുമെന്നും, ചിലർക്കത് പൂർണ്ണമായും ഒഴിവാകാനും സാധ്യതയുണ്ടെന്നുമാണ് ട്രംപിന്റെ വാദം.
താരിഫുകളുടെ പ്രഭാവത്തിൽ അമേരിക്കയിലെ കമ്പനികൾ കൂടുതൽ ഫാക്ടറികൾ നിർമ്മിക്കുകയും, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയുമാണെന്നും ട്രംപ് പറഞ്ഞു. വിവിധ മേഖലകളിൽ പുതിയ പ്ലാന്റുകളും ഫാക്ടറികളും നിലവിൽ നിർമ്മാണത്തിലോ ആസൂത്രണത്തിലോ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് രാജ്യത്തിന് വലിയ നേട്ടമായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.