ഓപ്പറേഷന്‍ സിന്ദൂര്‍: ഇന്ത്യയുടെ മിസൈല്‍ ആക്രമണത്തില്‍ 70 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; അംഗീകരിക്കാതെ പാകിസ്ഥാൻ

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പ്രതികാരമായി ഇന്ത്യ നടത്തിയ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ലൂടെ 70 തീവ്രവാദികളെ നീക്കം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഒമ്പത് തീവ്രവാദ കേന്ദ്രങ്ങളിലായി ഇന്ത്യ നടത്തിയ 24 മിസൈല്‍ ആക്രമണങ്ങളിലൂടെയാണ് ഈ പ്രത്യാക്രമണം നടപ്പാക്കിയതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട്.
ലഷ്‌കര്‍-ഇ-തൊയിബ, ജെയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട ക്യാമ്പുകളാണ് ആക്രമണത്തില്‍ ലക്ഷ്യമാക്കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തീവ്രവാദികളുടെ പ്രവര്‍ത്തന ശേഷിയെ ഗണ്യമായി കുറയ്ക്കാന്‍ ഈ പ്രത്യാക്രമണം സഹായിച്ചെന്ന് ദേശീയ തലത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൃത്യമായ ലക്ഷ്യത്തിലൂടെ ഭീകര കേന്ദ്രങ്ങളാണ് നിലനശിപ്പിച്ചതെന്നും പാക്കിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളൊന്നും ആക്രമിക്കപ്പെട്ടിട്ടില്ലെന്നും ഇന്ത്യന്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണങ്ങള്‍ക്കുള്ള ലക്ഷ്യസ്ഥലങ്ങള്‍ ഏറെക്കാലമായി ഇന്റലിജന്‍സ് നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും അവ തീവ്രവാദികള്‍ക്ക് അഭയം നല്‍കിയതും പ്രവര്‍ത്തന കേന്ദ്രങ്ങളായിരുന്നുവെന്നും ഇന്ത്യ ആരോപിക്കുന്നു.
അതേസമയം, ഇന്ത്യയുടെ ആക്രമണത്തില്‍ ഒമ്പത് സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും 38 പേര്‍ക്ക് പരിക്കേറ്റതായും രണ്ട് പേരെ കാണാനില്ലായെന്നും മാത്രം പാകിസ്ഥാന്‍ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
നാശനഷ്ടങ്ങള്‍ പരമാവധി കുറയ്ക്കുന്ന തരത്തിലാണ് ആക്രമണം നടന്നതെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.