
ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് നടത്തിയ ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ട്രിപ്പ് അതിന്റെ ആത്മീയ പശ്ചാത്തലം കൊണ്ടുതന്നെ എന്നെന്നും മനസ്സിൽ സൂക്ഷിക്കാവുന്ന വേറിട്ടൊരു അനുഭവമായി. ഡൊമിനിക്കൻ, ഹെയ്തിയൻ വില്ലേജുകളിലെ അശരണർക്ക് മെഡിക്കൽ കെയറും മൊബൈൽ ക്ലിനിക്ക് സൗകര്യങ്ങളുമായി മലങ്കര ഓർത്തഡോൿസ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സെക്രട്ടറി ഫാ. ഡോ.വർഗീസ് എം ഡാനിയേലിന്റെ നേതൃത്വത്തിൽ 17 പേരുടെ ടീമാണ് (Passion for Compassion) പോർട്ടോ പ്ലാറ്റയിലേക്ക് പോയത്. രണ്ടു ടീമായാണ് പുറപ്പെട്ടത്. ന്യൂവാർക്ക് എയർപോർട്ടിൽ നിന്ന് ഒരു ഗ്രൂപ്പ് യൂണൈറ്റഡിൽ പോർട്ടോ പ്ലാറ്റയിലേക്ക് പോയപ്പോൾ ന്യൂ യോർക്ക് ജെ എഫ് കെ എയർപോർട്ടിൽ നിന്ന് ജെറ്റ്ബ്ലൂ വിൽ അടുത്ത ടീമും പോർട്ടോ പ്ലാറ്റയിലെത്തി. അവിടെ വന്ന് പുറത്തിറങ്ങിയപ്പോൾ ഐലൻഡ് മിഷൻ ടീം ഞങ്ങളെ സ്വാഗതം ചെയ്ത് കൂട്ടിക്കൊണ്ടുപോയി.

അന്ന് സന്ധ്യ പ്രാർത്ഥനയോടു മിഷൻ തുടങ്ങി. ഉത്ഥിതനായ കര്ത്താവിന്റെ സന്ദേശം അച്ചൻ ഓർമപ്പെടുത്തി. സഭയുടെ സുവിശേഷ ദൗത്യത്തിന്റെ പ്രാധാന്യവും മാർത്തോമാ ശ്ലീഹായുടെയും പരിശുദ്ധ പരുമല തിരുമേനിയുടെയും മാർ തേവോദോസിയോസ്, മാർ ഒസ്താത്തിയോസ് എന്നീ പിതാക്കന്മാരുടെ മിഷൻ പ്രവർത്തനങ്ങളും അനുസ്മരിച്ചു സംഘത്തെ ആത്മീകമായി തയാറാക്കി. മെഡിക്കൽ മിഷൻ ട്രിപ്പിന് ആവശ്യമുള്ള മരുന്നുകളും ഹൈജീൻ കിറ്റുകളും സംഘം കരുതിയിരുന്നു. ആദ്യ ദിവസം തന്നെ ആയിരത്തിൽ അധികം മരുന്നുകൾ പാക്ക് ചെയ്‌ത് റെഡിയാക്കി.
ഐലൻഡ് മിനിസ്ട്രിയിൽ റോബർട്ട് നെൽസന്റെ നേതൃത്വത്തിൽ 9 പേർ ഉണ്ടായിരുന്നു. അവർക്ക് തന്നെയാണ് ഫാർമസിയുടെ ചാർജും. എല്ലാവരും ഇംഗ്ളീഷിലും സ്പാനിഷിലും പ്രാവീണ്യമുള്ളവർ.
ന്യൂ യോർക്കിലെ ഞങ്ങളുടെ ലീഡർ ഫാ.ഡോ .വറുഗീസ് എം ഡാനിയൽ ആയിരുന്നു. ബ്രോങ്ക്സ് സെന്റ് മേരീസിലെ വികാരി കൂടിയാണ് അച്ചൻ. ഓർഗനൈസർ ആയി സംഘത്തിന്റെ കൂടെ ഉണ്ടായിരുന്നത് ഡോ .ബെറ്റ്സി വറുഗീസ് ആയിരുന്നു. ക്വീൻസ്, ന്യൂയോർക്കിലെ ജോസഫ് പി ആദ്ദാബ്ബോ ഫാമിലി ഹെൽത്ത് സെന്ററിലെ ഡോക്റ്റർ കൂടിയാണ് ഡോ. ബെറ്റ്സി വറുഗീസ്. തുടക്കം മുതൽ ഇമെയിലുകളിലൂടെയും വാട്സ് ആപ് സന്ദേശങ്ങളിലൂടെയും ഡോ. ബെറ്റ്സി വറുഗീസ് എല്ലാവരെയും ഉദ്ബുദ്ധരാക്കി കൊണ്ടിരുന്നു.

മൂന്ന് ദിവസമായിരുന്നു പരിപാടി. മൂന്ന് ദിവസമായി 430 ഓളം പേഷ്യന്റ്‌സിനെ വീതം നാല് ടീം ആയിട്ട് കണ്ടു. നേഴ്‌സ് പ്രാക്ടീഷണർ കൂടിയായ ഡോക്‌ടർ ഓഫ് നേഴ്സിങ് ജോളി കുരുവിള ആയിരുന്നു ടീം ലീഡർ. ഡോ. സ്മിത കറുത്തേടം (എം.ഡി-മോണ്ടി ഫിയോർ നയാക്ക് ഹോസ്പിറ്റൽ), തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ ബിരുദം. പിന്നീട് വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്ററിൽ നിന്ന് എം.ഡി, നേഴ്‌സ് പ്രാക്ടീഷണർ ജോളി കുരുവിള (DNP), നേഴ്‌സ് പ്രാക്ടീഷണർ ഇന്ദിര തുമ്പയിൽ(APN) എന്നിവരാണ് ഇത്രയും രോഗികളെ പരിശോധിച്ചത്. സ്പാനിഷ് അറിയുന്ന ഡൊമിനിക്കൻ ഡോക്ടർ ഫെർണാണ്ടസും നാലാമത് ഒരു ടീം ആയി രോഗികളെ പരിശോധിക്കുന്നുണ്ടായിരുന്നു.

ആദ്യ നടപടിയെന്ന നിലയിൽ ക്ലിനിക്കലി രോഗികളുടെ ഹൈറ്റും വെയ്‌റ്റും പരിശോധിച്ച് രേഖപ്പെടുത്തുന്നതിനായി യഥാക്രമം ബിനോനി കൊച്ചുപുരയ്ക്കലിനെയും മാത്തൻ വറുഗീസിനെയും ചുമതലപ്പെടുത്തിയിരുന്നു. പിന്നീട് രജിസ്റ്റേർഡ് നേഴ്സ് ഷേർലി ബിനോനിയുടെയും ബിജോ വർഗീസിന്റെയും അടുത്ത് പോയി വൈറ്റൽ സൈൻസ് ചെക്ക് ചെയ്തതിന് ശേഷം ആരുടെ ചികിത്സ തേടണമെന്ന് തീരുമാനിക്കും. തുടർന്ന് പരിശോധന.
ഐ ഗ്ലാസ് സ്റ്റേഷനിൽ 100 ലേറെ കണ്ണടകൾ കരുതിയിരുന്നു. ഹൈസ്കൂൾ വിദ്യാർത്ഥിയായ ആൻജെല വർഗീസ്, മിഡിൽ സ്കൂൾ വിദ്യാർത്ഥിയായ ആരവ് തോമസ് എന്നിവരുടെ ലീഡർഷിപ്പിൽ കണ്ണാടി വിതരണം നടന്നു.

ഹോസ്പിറ്റാലിറ്റി ടീമിന് ജോർജ് തുമ്പയിൽ നേതൃത്വം നൽകി. ടീമിൽ 5 പേരുണ്ടായിരുന്നു.
1. ജോർജ് തുമ്പയിൽ,
2. ഫിലിപ്പ് തങ്കച്ചൻ
3. ഡോ. സ്മിത സൂസൻ വർഗീസ് (കൊച്ചമ്മ )
4. തോമസ് കാട്ടുപറമ്പിൽ
5. ആനി തോമസ്
ഹോസ്പിറ്റാലിറ്റി ടീം ഉത്തരവാദിത്തങ്ങൾ:
ക്ലിനിക്കിൽ സമ്മാനങ്ങളുടെയും സാധനസാമഗ്രികളുടെയും ക്രമീകരണം, വിതരണം എന്നിവ കൈകാര്യം ചെയ്യുക, സമ്മാനങ്ങൾ 3 മുഴുവൻ ക്ലിനിക്കൽ ദിവസത്തേക്കുമായി കരുതലോടെ ഉപയോഗിക്കുക, പ്രവർത്തനം സുഗമമാക്കാൻ ടീമിനെ നിയന്ത്രിക്കുക, നേരിടാവുന്ന പ്രതിസന്ധികൾ നേരത്തെ മനസിലാക്കി പ്രവർത്തിക്കുക, ടീമിന്റെ ആവശ്യങ്ങളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അറിയിക്കുക.
പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള കിറ്റുകളുടെ വിതരണത്തിനൊപ്പം വിതരണത്തിനായി വസ്ത്രങ്ങൾ ക്രമീകരിക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. സ്ത്രീകളുടെ ശുചിത്വ കിറ്റ് , പുരുഷന്മാരുടെ ശുചിത്വ കിറ്റ്, കുട്ടികൾക്കുള്ള സമ്മാനങ്ങൾ, വസ്ത്രങ്ങൾ, സാധനസാമഗ്രികൾ എന്നിവ ക്രമീകരിക്കേണ്ടിയിരുന്നു. രോഗികൾക്കായി കരുതിയിരുന്ന വസ്ത്രങ്ങളും ഷൂസും എല്ലാം ഉപയോഗിച്ചവ ആയിരുന്നെങ്കിലും എല്ലാം മികച്ചത് തന്നെയായിരുന്നു. വസ്ത്രങ്ങൾ നൽകിയത് റോണി അതുൽ , ബിന്ദു റിനു, സുമ സുനിൽ എന്നിവരും ബ്രോങ്ക്സ് സെന്റ് മേരീസിലെ സഹൃദയരായ വിശ്വാസികളുടെ സമ്മാനവുമായിരുന്നു.
ഡോ. സ്മിത സൂസൻ വർഗീസ്, സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സമ്മാനങ്ങളുടെ മേൽനോട്ടം വഹിച്ചു.
പുരുഷന്മാരുടെ സമ്മാനങ്ങൾക്ക് തോമസ് കാട്ടുപറമ്പിലും അൺപാക്കിംഗ്, പാക്കിംഗ് മുതലായവയ്ക്ക് ഫിലിപ്പ് തങ്കച്ചനും (അദ്ദേഹം മീഡിയ ടീമിലും ഉണ്ടായിരുന്നു) നേതൃത്വം നൽകി.
ഫിലിപ്പ് തങ്കച്ചന്റെ നേതൃത്വത്തിലായിരുന്നു ലഞ്ച് വിതരണം. ഫോട്ടോസും മീഡിയയും കൈകാര്യം ചെയ്തത് ഫിലിപ്പും ബിജോയും കൂടിയായിരുന്നു. പ്രയർ ടീമിന് അച്ചൻ നേതൃത്വം നൽകി.
ഗെയിംസ് & ആക്ടിവിറ്റിസ് : ഡോ. സ്മിത കറുത്തേടം, ആരവ് തോമസ്.
ഒടുവിൽ വർഗീസ് ഡാനിയേൽ അച്ചൻ രോഗികളെ ഓരോരുത്തരെയും തലയിൽ കൈവച്ച് പ്രാർത്ഥിച്ചത് പുണ്യാനുഭവമായി. ക്രിയോളിലും സ്പാനിഷിലുമൊക്കെ അച്ചൻ പ്രാർത്ഥിച്ചു.
ഫാ. ഡോ.വർഗീസ് ഡാനിയേൽ, ഡോ. സ്മിത സൂസൻ വർഗീസ്, എയ്ഞ്ചല വർഗീസ്, ഡോ.ബെറ്റ്സി വർഗീസ്, മാത്തൻ വർഗീസ്, ഡോ.ജോളി കുരുവിള, ജോർജ് തുമ്പയിൽ, ഇന്ദിര തുമ്പയിൽ, ഫിലിപ്പ് തങ്കച്ചൻ, ബെനോനി കൊച്ചുപുരയ്ക്കൽ, ഷേർലി ബെനോനി, ഡോ.സ്മിത കറുത്തേടം, ബിജോ തോമസ്, തോമസ് കാട്ടുപറമ്പിൽ, ആനി വർഗീസ്, കുട്ടികളായ ആരവ് തോമസ്, ആയുഷ് തോമസ് എന്നിവരാണ് ഞങ്ങളുടെ ‘ടീം റോസ്റ്ററി’ൽ ഉണ്ടായിരുന്നത്.
മിഷൻ യാത്രയുടെ കാര്യക്രമം ഇങ്ങനെ ആയിരുന്നു
1-ാം ദിവസം:
ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്കുള്ള യാത്രയ്ക്കൊടുവിൽ ലോഡ്ജിങ് ഏരിയയിലേക്ക് ചെക്ക്-ഇൻ ചെയ്തു , തുടർന്ന് വിശ്രമം. പ്രാർത്ഥന, ഭക്ഷണം . ടീം അംഗങ്ങളെ അറിയാൻ ഓറിയന്റേഷനും ടീം ബിൽഡിംഗ് പ്രവർത്തനങ്ങളും.
ദിവസം 2-5:
ആദ്യദിവസം ഡൊമിനിക്കനിലെ മുനോസ് , രണ്ടാം ദിവസം മോജി ലാനോ, മൂന്നാം ദിവസം മാറാനാഥാ എന്നീ വില്ലേജുകളിലും , നാലാം ദിവസം ഫ്രീ ഡേ ആയിരുന്നു
ഹോട്ടലിൽ പ്രാർത്ഥന, പ്രഭാതഭക്ഷണശേഷം മിഷൻ പ്രവർത്തനം ആരംഭിക്കാൻ സമൂഹത്തിലേക്ക് . പ്രവർത്തന സ്ഥലത്ത് ഉച്ചഭക്ഷണം ലഭിക്കും . ജോലി കഴിഞ്ഞ്, വിശ്രമത്തിനായി ഹോട്ടലിലേക്ക് . അത്താഴം ഹോട്ടലിൽ. വൈകുന്നേരത്തെ പ്രാർത്ഥനക്കു ശേഷം പ്രവർത്തനങ്ങൾ കൂടിയാലോചിച്ച് ഉറങ്ങാൻ പോകുക. ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ അവസാന രാത്രി.
ആറാം ദിവസം; ഹോട്ടലിൽ പ്രഭാത പ്രാർത്ഥനക്കു ശേഷം പ്രഭാതഭക്ഷണം കഴിച്ച് പായ്ക്ക് ചെയ്ത് ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്തു . മടക്കയാത്രയ്ക്കായി എയർപോർട്ടിലേക്ക് . അനുഗ്രഹകരമായ സുവിശേഷത്തിനു എയർ പോർട്ടിൽവച്ചു ദൈവത്തിനു നന്ദി അർപ്പിച്ചു പ്രാർത്ഥന നടത്തിയത് പ്രത്യേക അനുഭവമായി.
ഡൊമിനിക്കൻ, ഹെയ്തി മേഖലകളിൽ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക വികസനം തുടങ്ങിയ രംഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നിരവധി സംഘടനകൾ മിഷൻ പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ നൽകുന്നുണ്ട്. മിഷൻ ഓഫ് ഹോപ്പ്, ന്യൂ മിഷനുകൾ തുടങ്ങിയ സംഘടനകൾക്ക് ഈ പ്രദേശങ്ങളെ പ്രത്യേകമായി ലക്ഷ്യമിടുന്ന പരിപാടികളുണ്ട്. റെസോണേറ്റ് ഗ്ലോബൽ മിഷന്റെ മിഷനറിമാരും ഈ പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.
ഈ രാജ്യങ്ങളിലെ പട്ടിണിയും ദാരിദ്ര്യവും പരിഹരിക്കുന്നതിൽ മിഷൻ ഓഫ് ഹോപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പലപ്പോഴും പ്രാദേശിക മിഷനറിമാരുമായി ചേർന്നാണ് പ്രവർത്തനം.
വിദ്യാഭ്യാസം, ഭക്ഷണം, വൈദ്യസഹായം എന്നിവ നൽകുകയും വെർച്വൽ മിഷൻ ട്രിപ്പ് അനുഭവങ്ങൾ നൽകുകയും ചെയ്യുന്നു. വിവിധ ക്രിസ്ത്യൻ മിഷനറിമാരും സന്നദ്ധപ്രവർത്തകരും ഡൊമിനിക്കൻ റിപ്പബ്ലിക്, ഹെയ്തി എന്നിവയുൾപ്പെടെ കരീബിയൻ മേഖലയിൽ സേവനമനുഷ്ഠിക്കുന്നുണ്ട്. കോപ്റ്റിക്, റഷ്യൻ, ഗ്രീക്ക് ഓർത്തഡോൿസ് സഭകൾ ഇവിടെ മിഷൻ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.
ഡൊമിനിക്കൻ റിപ്പബ്ലിക്കിലെ ആധ്യാത്മികമായ ആവശ്യങ്ങൾ
നൂറ്റാണ്ടുകളായി തുടരുന്ന കൊളോണിയലിസവും, സർക്കാരുകളുടെ അടിച്ചമർത്തലും, രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരതയും, വിനാശകരമായ പ്രകൃതി ദുരന്തങ്ങളും മൂലം ഡൊമിനിക്കൻ റിപ്പബ്ലിക്ക്കടുത്ത ദുരിതങ്ങളിലൂടെയാണ് കടന്നുപോകുന്നത് . ഭൗതികമായി എന്നത് പോലെ തന്നെ ആത്മീയമായും ഈ കരീബിയൻ ദ്വീപ് രാഷ്ട്രം അത്ര മെച്ചപ്പെട്ട കാലാവസ്ഥയിലല്ല ഉള്ളത്. 1400 കളുടെ അവസാനത്തിൽ സ്പാനിഷുകാർ കോളനിവൽക്കരിച്ച ഡൊമിനിക്കൻ റിപ്പബ്ലിക്കിന് മതപരവും വംശീയവും സാംസ്കാരികവുമായി കത്തോലിക്കാ മതവുമായി ബന്ധമുണ്ട്. എങ്കിലും നിഗുഢ മതത്തിൻറെ വ്യാപനവും ഹെയ്തിയൻ കുടിയേറ്റവും മറ്റ് സുവിശേഷപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു.
കരിമ്പ് തോട്ടങ്ങളിൽ തൊഴിൽ ലഭിക്കുമെന്ന പ്രതീക്ഷയാൽ 1900 കളുടെ തുടക്കത്തിലേ ഹെയ്തിയൻ കുടിയേറ്റക്കാർ ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് വന്നിരുന്നു. ഹെയ്തിയൻ “ബാറ്റീസ്” എന്ന പേരിൽ രൂപപ്പെട്ട ഈ സമൂഹങ്ങൾ സർക്കാർ ഇടപെടലിലൂടെയും മാനുഷിക സംഘടനകളുടെ സഹായത്തിലൂടെയും കാലക്രമേണ വളർന്നു വികസിച്ചു. എന്നിരുന്നാലും, പലർക്കും ഇപ്പോഴും വെള്ളവും വൈദ്യുതിയും ഇല്ലാത്ത സ്ഥിതിയാണ്.
കരീബിയൻ രാജ്യങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ ഡൊമിനിക്കൻ റിപ്പബ്ലിക് രണ്ടാം സ്ഥാനത്തും ജനസംഖ്യാടിസ്ഥാനത്തിൽ മൂന്നാം സ്ഥാനത്തുമാണ്. ഹിസ്പാനിയോള ദ്വീപിൽ ഹെയ്തിയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. അടുത്തകാലത്ത് പുരോഗതി ദൃശ്യമായിട്ടുണ്ടെങ്കിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ ഇപ്പോഴും വലിയ ദാരിദ്ര്യമുണ്ട്. ഹെയ്തിയൻ ഗ്രൂപ്പുകൾ മെച്ചപ്പെട്ട ജീവിതം തേടി ഡൊമിനിക്കൻ റിപ്പബ്ലിക്കിലേക്ക് താമസം മാറ്റിയെങ്കിലും അവിടെയും അവർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു.
ഇവിടെ വിവിധ മിഷൻ ടീമിനൊപ്പം സേവനമനുഷ്ഠിക്കുമ്പോൾ ഈ കമ്മ്യൂണിറ്റികൾ ഉൾപ്പെടുന്ന ആളുകളെ അറിയാനും സ്നേഹിക്കാനും കഴിയും.
2026 മിഷൻ ട്രിപ്പിൽ പോകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഇമെയിലിൽ ബന്ധപ്പെടാവുന്നതാണ് [email protected]