പാകിസ്ഥാൻ പ്രതികരിക്കരുതെന്ന് അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന

ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ക്കെതിരെ പാകിസ്ഥാൻ പ്രതികരണ നടപടികളിലേർപ്പെടരുതെന്ന് യുഎസ് കോൺഗ്രസ് അംഗം റോ ഖന്ന ആവശ്യപ്പെട്ടു. ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച നടപടിയെ പ്രതികരണമായി കാണേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ത്യ നടത്തിയ ദൗത്യമാണ് ‘ഓപ്പറേഷൻ സിന്ദൂർ’. ഇസ്ലാമാബാദ് ഇതിന് തിരിച്ചടിയുണ്ടാക്കാൻ ശ്രമിക്കരുതെന്നും നിലവിലെ സംഘർഷാവസ്ഥ കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും റോ ഖന്ന വ്യക്തമാക്കി.
പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച ഖന്ന, സമാധാനത്തിനായുള്ള നടപടികൾക്ക് മുൻതൂക്കം നൽകണമെന്നും പറഞ്ഞു. “ഇരു രാജ്യങ്ങൾക്കുമുണ്ട് ആണവായുധങ്ങൾ. അതിനാൽ ഏറ്റുമുട്ടലിലല്ല, സംഘർഷം കുറയ്ക്കലിലായിരിക്കണം ആഗ്രഹം,” അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു.
ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രദേശത്തെ സാഹചര്യങ്ങൾ ഉൾക്കൊണ്ട സമീപനമാവശ്യമാണ്. അതിനായി കൃത്യമായ ധാരണയുള്ള ആളുകൾ യുഎസ് ഭരണതന്ത്രത്തിൽ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നതായും റോ ഖന്ന വ്യക്തമാക്കി.