മാരക അണുബാധ: സാൽമൊണെല്ല സ്ഥിരീകരിച്ച സാലഡ് വെള്ളരി പിൻവലിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന സാൽമൊണെല്ല (Salmonella) വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് അമേരിക്കയിൽ നിന്ന് ഒരു മുഴുവൻ ബാച്ച് സാലഡ് വെള്ളരി പിന്‍വലിച്ചത്. അമേരിക്കൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയായ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA) പുറത്തുവിട്ട അറിയിപ്പിലാണ് ഈ വാർത്ത സ്ഥിരീകരിച്ചത്.
2025 ഏപ്രിൽ 29 മുതൽ മെയ് 19 വരെ വിപണിയിൽ എത്തിയ സാലഡ് വെള്ളരികളിലാണ് സാൽമൊണെല്ല സാന്നിധ്യം കണ്ടെത്തിയത്. ഇതേ തുടർന്നാണ് ആ ബാച്ച് പൂർണ്ണമായി പിന്‍വലിക്കാൻ തീരുമാനിച്ചത്.
ഇതുവരെ അമേരിക്കയിലെ പതിനഞ്ച് സംസ്ഥാനങ്ങളിലായി 26 പേർക്ക് രോഗബാധ സ്ഥിരീകരിച്ചുവെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. രോഗം ബാധിച്ചവരിൽ ഒമ്പത് പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു. ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ രോഗബാധിതരായ 13 പേരിൽ 11 പേർ ഈ സാലഡ് വെള്ളരി കഴിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ശരീരത്തിലേക്ക് പ്രവേശിച്ചതിന് ശേഷം 12 മുതൽ 72 മണിക്കൂറിനുള്ളിൽ രോഗലക്ഷണങ്ങൾ ആരംഭിക്കുന്നതാണ് സാൽമൊണെല്ല വൈറസിന്റെ സ്വഭാവം. വയറിളക്കം, പനി, വയറുവേദന എന്നീ ലക്ഷണങ്ങളാണ് സാധാരണമായി കാണപ്പെടുന്നത്.
ഫ്ലോറിഡയിൽ പ്രവർത്തിക്കുന്ന ബെഡ്‌നർ ഗ്രോവേഴ്‌സ് എന്ന കൃഷിയിടത്തിൽ നിന്നാണ് രോഗബാധയുണ്ടാക്കിയ സാലഡ് വെള്ളരി കൃഷിചെയ്തതെന്ന് അധികൃതർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഈ ബാച്ച് വിൽപ്പന കഴിഞ്ഞിരുന്ന അതേ ദിവസങ്ങളിൽ വാങ്ങിയവ ഉൾപ്പെടെ സലാഡ് വെള്ളരി ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യവിദഗ്ധർ നിർദേശിച്ചിരിക്കുന്നു.