അമേരിക്കൻ മണ്ണിൽ ചരിത്രം കുറിച്ച് അന്താരാഷ്ട്ര മാധ്യമ സമ്മേളനം; സജി എബ്രഹാം ചെയർമാൻ

ന്യൂജേഴ്സി, യു.എസ്.എ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസും അവാർഡ് നൈറ്റും ഒക്ടോബർ 9, 10, 11 തീയതികളിൽ ന്യൂജേഴ്സിയിലെ എഡിസൺ ഷെറട്ടൺ ഹോട്ടലിൽ അരങ്ങേറുന്നു. നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രഖ്യാപിച്ചതുപോലെ, ഈ സമ്മേളനത്തിന്റെ ചെയർമാനായി തെരഞ്ഞെടുത്തിരിക്കുന്നത്, പത്രപ്രവർത്തന രംഗത്തും IPCNA പ്രവർത്തനങ്ങളിലും ഏറെ പരിചയസമ്പത്തുള്ള സജി എബ്രഹാമിനെയാണ്.
പ്രസ്സ് ക്ലബ് ന്യൂയോർക്കിലെ ആരംഭദിനങ്ങളിൽ സജീവമായ സജിയ്ക്ക് വൈസ് പ്രസിഡണ്ട്, സെക്രട്ടറി, ട്രെഷറർ, നാഷണൽ ഓഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച പ്രവൃത്തി പരിചയത്തിന്റെ ആധാരത്തിലാണ് ഈ ഉത്തരവാദിത്വം നൽകിയതെന്ന് ഭാരവാഹികൾ അറിയിച്ചു. കേരളഭൂഷണം പത്രത്തിന്റെ അമേരിക്കൻ പ്രതിനിധിയായി രണ്ട് പതിറ്റാണ്ട് സജീവമായ സജി, സാമൂഹികരംഗത്തും വ്യവസായമേഖലയിൽ നാലു പതിറ്റാണ്ടിലധികമായി സാന്നിധ്യമുള്ള വ്യക്തിയാണ്. ഇപ്പോൾ കേരളം സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ പ്രസിഡന്റും കൂടിയാണ്.
ന്യൂയോർക്ക് ചാപ്റ്ററിന്റെ സാമ്പത്തിക വളർച്ചയുടെ ‘സുവർണ കാലം’ സജി എബ്രഹാം ട്രെഷററായി സേവനം ചെയ്ത കാലമാണെന്ന് മുൻ ഭാരവാഹികൾ അനുസ്മരിച്ചു. ന്യൂയോർക്ക് ചാപ്റ്ററിലെ നിലവിലെ ഭാരവാഹികൾ — പ്രസിഡന്റ് ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രെഷറർ ബിനു തോമസ് എന്നിവർ — കോൺഫറൻസിന്റെ ആതിഥേയത്വം വഹിക്കുന്നു.
അമേരിക്കയിലെയും കേരളത്തിലെയും പ്രമുഖ മാധ്യമപ്രവർത്തകരും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രെഷറർ വിശാഖ് ചെറിയാൻ എന്നിവർ അറിയിച്ചു. പകൽ നടക്കുന്ന സെഷനുകൾക്ക് പുറമെ, വൈകുന്നേരം പൊതു സമ്മേളനങ്ങൾ വൻ ജനപങ്കാളിത്തത്തോടെ നടത്താനാണ് പദ്ധതി.
കോൺഫറൻസിന്റെ ആസൂത്രണ ചുമതല വഹിക്കുന്ന അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്തു എന്നിവർ ഇത്തവണത്തെ പരിപാടികൾ സാങ്കേതികമായും പ്രായോഗികമായും മാധ്യമ പ്രവർത്തകർക്ക് ഏറെ ഉപകാരപ്പെടുന്ന രീതിയിലായിരിക്കും എന്ന് വ്യക്തമാക്കി. ഹോട്ടൽ ബുക്കിംഗിനും രജിസ്ട്രേഷനുമുള്ള സൗകര്യങ്ങൾ ഇതിനോടകം സജ്ജമാണ്. പരിപാടിയിൽ പങ്കെടുക്കാൻ www.indiapressclub.org അല്ലെങ്കിൽ indiapressclub.org/conference25 എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇന്ത്യയിലെയും യുഎസിലെയും വിവിധ മാധ്യമ പുരസ്കാര വേദികളിൽ വലിയ അംഗീകാരം നേടിയ IPCNA, ഈ വർഷം അമേരിക്കയിലെ മാധ്യമരംഗത്ത് മറ്റൊരു ചരിത്ര നിമിഷം സൃഷ്ടിക്കുകയാണ്. ജനുവരി മാസം കൊച്ചിയിൽ ഗോകുലം കൺവൻഷൻ സെന്ററിൽ നടത്തിയ അവാർഡ് നൈറ്റിന്റെ വിജയവും, അവിടെയുണ്ടായ വൻതോതിലുള്ള ക്യാഷ് അവാർഡുകളും പ്രസിദ്ധി നേടിയിരുന്നു. ചടങ്ങുകൾക്ക് നേതൃത്വം നൽകിയ ജോയിന്റ് സെക്രട്ടറി ആശ മാത്യു, ട്രെഷറർ റോയ് മുളകുന്നം തുടങ്ങിയവർ സംഘടിപ്പിച്ച പരിപാടികൾ മാധ്യമ മേഖലയിൽ വലിയ പ്രതിഫലനം സൃഷ്ടിച്ചു.
പ്രാരംഭ ഘട്ടത്തിൽ എളിമയും സമർപ്പണവുംകൊണ്ട് തുടങ്ങിയ ഈ അന്താരാഷ്ട്ര മാധ്യമ സമ്മേളനം ഇന്ന് ഒരു വലിയ വേദിയായി വളർന്നു എന്നത് മലയാള മാധ്യമ പ്രവർത്തകരുടെ അഭിമാനമാണ്. നേരത്തെ മൂന്നു തവണ ന്യൂജേഴ്സിയിൽ നടന്ന കോൺഫറൻസുകൾ വലിയ ജനപങ്കാളിത്തത്തോടെ നടന്നുവെന്നും, ഇത്തവണയും അത് ആവർത്തിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക:
🌐 www.indiapressclub.org
📹 Conference Video: https://youtu.be/_fQ18f4IV1A
📥 News Channel Video Link: https://drive.google.com/file/d/1XiXRMsd0F6YgQ1UsrwW-ut3OcR_P3ZDo/view?usp=sharing