ന്യൂഡല്‍ഹി : യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഓഗസ്റ്റ് 24 അല്ലെങ്കില്‍ 25-ന് നടപ്പിലാക്കാനിടയുണ്ടെന്ന് ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനും ഇവാഞ്ചലിസ്റ്റുമായ കെ. എ. പോള്‍ സുപ്രീം കോടതിയില്‍ അറിയിച്ചു.
നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട് യെമനില്‍ നിര്‍ണായക ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഈ വിഷയത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്താപ്രചാരണം വിലക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയിലാണ് പോള്‍ ഇക്കാര്യം ഉന്നയിച്ചത്. നിമിഷപ്രിയയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇത്തരം വിലക്ക് ആവശ്യപ്പെടുന്നതെന്നും, മൂന്നു ദിവസത്തേക്ക് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
അതേസമയം, ആക്ഷന്‍ കൗണ്‍സില്‍ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രനും, കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാറും വിഷയത്തില്‍ പ്രതികരിക്കുന്നത് തടയണമെന്നും പോള്‍ കോടതിയില്‍ അറിയിച്ചു. സുഭാഷ് ചന്ദ്രനും കൂട്ടാളികളും, കാന്തപുരം പോലുള്ള വ്യക്തികളും തങ്ങള്‍ പണം നല്‍കിയെന്നും ചര്‍ച്ചകള്‍ നടത്തിയെന്നും ആരോപിക്കുന്നുവെങ്കിലും, താന്‍ ഒരിക്കലും അവരെ കണ്ടിട്ടില്ലെന്നും, അവരുമായി ഒരു ബന്ധവുമില്ലെന്നും, ഒരു ഡോളര്‍ പോലും ലഭിച്ചിട്ടില്ലെന്നും പോള്‍ വ്യക്തമാക്കി.
ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി അറ്റോര്‍ണി ജനറലിന് നോട്ടീസ് അയച്ചു. കേസ് ഓഗസ്റ്റ് 25-ന് വീണ്ടും കേള്‍ക്കുമെന്നും അന്നുതന്നെ ഉത്തരവുകള്‍ പുറപ്പെടുവിക്കാമെന്നുമാണ് ബെഞ്ച് വ്യക്തമാക്കിയത്.
നിമിഷപ്രിയയുടെ മോചനദ്രവ്യവുമായി ബന്ധപ്പെട്ട് വ്യാജ പണപ്പിരിവ് നടന്നുവെന്നാരോപിച്ച് കെ. എ. പോളിനെതിരെ മുമ്പ് പരാതികളും ഉയര്‍ന്നിരുന്നു. പോളിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും, മോചനത്തിന് ആവശ്യമായ തുക ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടിലേക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റുകള്‍ വന്നിരുന്നു.
എന്നാല്‍, നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരില്‍ സാമ്പത്തിക സംഭാവകള്‍ ആവശ്യപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് വിദേശകാര്യമന്ത്രാലം വ്യക്തമാക്കിയിരുന്നു. മന്ത്രാലയത്തിന്റെ ഫാക്ട് ചെക്ക് ടീമിന്റെ എക്‌സ് ഹാന്‍ഡിലില്‍ കെ. എ. പോള്‍ പങ്കുവെച്ച പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും പുറത്തുവിട്ടിരുന്നു.















































