ഫാ. ജോസഫ് മണപ്പുറം അന്തരിച്ചു: ക്‌നാനായ സമൂഹത്തിന്‍റെ പ്രിയപ്പെട്ട ആത്മീയ നേതാവ്

ഹൂസ്റ്റൺ: ഹൂസ്റ്റണിലും ഡാലസിലുമുള്ള ക്‌നാനായ സമൂഹത്തിന്‍റെ വളർച്ചയ്ക്കും ഏകതയ്ക്കും നിർണായക സംഭാവനകൾ നൽകിയ ഫാ. ജോസഫ് മണപ്പുറം (81) അന്തരിച്ചു. കോട്ടയം ജില്ലയിലെ ഒളശ സ്വദേശിയായ അദ്ദേഹം 1969-ൽ കോട്ടയം ക്‌നാനായ അതിരൂപതയിൽ വൈദിക പട്ടം സ്വീകരിച്ചിരുന്നു.
1998-ൽ യുഎസിലെത്തി ഹ്യൂസ്റ്റൺ ക്‌നാനായ കാത്തലിക് മിഷൻ ഡയറക്ടറായി ചുമതലയേറ്റ മണപ്പുറത്തച്ചൻ 2006 വരെ ആ സേവനം നിർവ്വഹിച്ചു. 1998 മുതൽ 2007 വരെ ഡാലസ് ക്‌നാനായ കാത്തലിക് മിഷന്‍റെ ചുമതലയും വഹിച്ചിരുന്നു. യുഎസിലെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ച അദ്ദേഹം ആത്മീയ നേതൃത്വം നൽകിയതിനു പുറമെ മികച്ച ഗായകനായും ജനഹൃദയങ്ങളിൽ ഇടം നേടി.
ഹൂസ്റ്റണിലെയും ഡാലസിലെയും ക്‌നാനായ സമൂഹത്തെ ഏകോപിപ്പിക്കുകയും കമ്മ്യൂണിറ്റി സെന്റർ സ്ഥാപിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്ത അദ്ദേഹം വിശ്വാസികളുമായി വ്യക്തിപരമായ ബന്ധം പുലർത്തിയ ജനകീയ പുരോഹിതനായിരുന്നു.
മാതാപിതാക്കൾ: മണപ്പുറത്ത് പരേതരായ ഉതുപ്പാൻ പുന്നൻ, ഏലിക്കുട്ടി. സഹോദരങ്ങൾ: ജോർജ്, ലീലാമ്മ വടക്കേടം, മേരി കാളവേലിൽ, എൽസി തുരുത്തുവേലിൽ, ജെസി മൂഴിയിൽ.
മറ്റു വിവരങ്ങൾ പിന്നീട്.




