ഗാന്ധിജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനായജ്ഞവുംശാന്തിയാത്രയുമായി ആല്‍ഫ പാലിയേറ്റീവ് കെയര്‍

തൃശൂര്‍: ലോകത്ത് പടരുന്ന യുദ്ധങ്ങളും അശാന്തിയും അതു നല്‍കുന്ന വിവരണാതീതമായ ദുരിതങ്ങളും കണക്കിലെടുത്ത് പ്രമുഖ പാലിയേറ്റീവ് കെയര്‍ ശൃംഖലയായ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ തൃശൂര്‍ നഗരത്തില്‍ പ്രാര്‍ത്ഥനായജ്ഞവും ശാന്തിയാത്രയും സംഘടിപ്പിച്ചു. മുന്നൂറ്റമ്പതോളം വരുന്ന ആല്‍ഫയുടെ വിവിധ സെന്ററുകളിലെ സന്നദ്ധപ്രവര്‍ത്തകര്‍ രാവിലെ 8 മണിക്ക് തൃശൂര്‍ തെക്കേ ഗോപുരനടയിലാണ് പ്രാര്‍ത്ഥനായജ്ഞം നടത്തിയത്. തുടര്‍ന്ന് 10 മണിക്ക് ആരംഭിച്ച ശാന്തിയാത്ര സ്വരാജ് റൗണ്ട് ചുറ്റി തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ സമാപിച്ചു.സത്യന്‍ അന്തിക്കാടും വി.പി. നന്ദകുമാറും,ആല്‍ഫയുടെ മുഖ്യ രക്ഷാധികാരികള്‍
ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ ഗാന്ധിജയന്തി ദിനാചരണ സന്ദേശം നല്‍കി. ശാന്തിയും സമാധാനവും പുലരേണ്ടത് ഓരോരുത്തരുടെയും മനസ്സിലാണെന്നും അന്യന്റെ വേദന തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നവര്‍ക്കു മാത്രമേ കാരുണ്യത്തിന്റെ ദീപം തെളിയിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ വേദനയും ദുരിതവും കഷ്ടപ്പാടുകളും കുറയ്ക്കാന്‍ വേണ്ടി നിതാന്ത ശ്രമം നടത്തുന്ന പ്രസ്ഥാനം എന്ന നിലയില്‍ ഗാന്ധിജയന്തി ദിനത്തില്‍ പ്രാര്‍ത്ഥിക്കാനും പ്രവര്‍ത്തിക്കാനും ആല്‍ഫ പ്രവര്‍ത്തകര്‍ക്ക് കഴിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയും കസ്തൂര്‍ബയും, ആശ്രമത്തില്‍ ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നവര്‍ തുടങ്ങിയ ഫ്‌ളോട്ടുകളും ഗാന്ധിസൂക്തങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള എല്‍.ഇ.ഡി വാഹനം, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ ശാന്തിയാത്രയ്ക്ക് അകമ്പടിയായി ഉണ്ടായിരുന്നു.
കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍, പ്രോഗ്രാം കണ്‍വീനര്‍മാരായ തോമസ് തോലത്ത്, കെ.എ.കദീജാബി, വി.ജെ. തോംസണ്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജോസ് ബാബു, അഡ്മിനിസ്‌ട്രേഷന്‍ മാനേജന്‍ സന്ധ്യ സുജിത്ത്, പി.ആര്‍.ഒ. താഹിറ മുജീബ്, വിവിധ ലിങ്ക് സെന്റര്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




