AmericaKeralaLatest NewsNews

ഐപിസിഎൻഎ കൺവെൻഷന് കേരള ടൈംസ് ആശംസകൾ നേരുന്നു

ന്യൂജേഴ്സി : അമേരിക്കൻ മലയാള മാധ്യമരംഗത്തിൻ്റെ അഭിമാനമായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ)യുടെ കൺവെൻഷന് കേരള ടൈംസ് പത്രം ഹൃദയം നിറഞ്ഞ ആശംസകൾ അർപ്പിക്കുന്നു. മാധ്യമപ്രവർത്തകരുടെ സംഗമമെന്നതിലുപരി, മാനവിക മൂല്യങ്ങളുടെയും പൗരധർമ്മ ബോധത്തിന്റെയും പുനർസ്ഥാപനത്തിനുള്ള പ്രസ്ഥാനമായി മാറുന്ന ഈ കൺവെൻഷൻ, അമേരിക്കൻ മലയാളികളുടെ സാമൂഹിക–സാംസ്കാരിക ബോധത്തിൽ പുതുജീവൻ പകരുന്ന വേളയായി കേരള ടൈംസ് വിലയിരുത്തുന്നു.

സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വിശാഖ് ചെറിയാൻ, രാജു പള്ളത്ത്, സുനിൽ തൈമറ്റം എന്നിവരുടെ സമന്വയ നേതൃത്ത്വത്തിൽ സംഘടിപ്പിക്കുന്ന ഈ മഹാസമ്മേളനം, മാധ്യമപ്രവർത്തകരുടെ ആത്മപരിശോധനക്കും ആശയവിനിമയത്തിനും സൃഷ്ടിപരമായ വഴിത്താരകൾ തുറക്കുന്നുവെന്നത് അഭിമാനകരമാണ്.

പി.ഡി. ജോർജ് നടവയലിന്റെ “അല”, “ഇല”, “ഉല” എന്ന പ്രതീകാത്മക സംഗ്രഹണം കൺവെൻഷന് ആത്മസാരമായ പ്രതിനിധാനമായി മാറുന്നു. അലയൊലിയിലൂടെ സ്വത്വബോധം ഉണർത്തുന്ന “അല”, ജീവൻ പകരുന്ന “ഇല”, അനുഭവങ്ങളുടെ ഉലയിലൂടെ വളർച്ച നേടുന്ന “ഉല” — ഈ മൂന്നു വാക്കുകൾ ഐപിസിഎൻഎയുടെ പ്രവർത്തനശക്തിയും ലക്ഷ്യദിശയും പ്രതിഫലിപ്പിക്കുന്നു.

വ്യാജവാർത്തകളും വ്യക്തിപരമായ അജണ്ടകളും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ, പത്രലോകം ജനാധിപത്യ മൂല്യങ്ങളുടെ കാവൽക്കാരായിത്തീരേണ്ടതുണ്ടെന്ന് കേരള ടൈംസ് എഡിറ്റോറിയൽ ബോർഡ് നിരീക്ഷിക്കുന്നു. അമേരിക്കൻ മലയാളികളുടെ പൗരബോധ വളർച്ചയ്ക്കും മാധ്യമനൈതികതയുടെ ശക്തീകരണത്തിനും ഈ കൺവെൻഷൻ നിർണായകമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

കേരളത്തിലെ സാമൂഹിക–രാഷ്ട്രീയ സാഹചര്യങ്ങൾ, മാധ്യമങ്ങളുടെ ഉത്തരവാദിത്വബോധം ആവശ്യപ്പെടുന്ന ഘട്ടത്തിലാണ്. ആ സാഹചര്യത്തിൽ വിദേശത്തുനിന്ന് മലയാള പത്രപ്രവർത്തകർ പുതുനാമ്പുകൾ കിളിർപ്പിക്കുന്ന പുനർവിചിന്തനത്തിനും മാതൃഭൂമിയോടുള്ള പ്രണയത്തിനും മാതൃകയാകട്ടെ എന്നാശംസിക്കുന്നു.

മാധ്യമരംഗത്തിന്റെ പുരോഗതിക്കും സാമൂഹിക സമഗ്രതയ്ക്കുമായി പ്രവർത്തിക്കുന്ന ഐപിസിഎൻഎയുടെ എഡിസൺ കൺവെൻഷൻ പത്രലോകത്തിന് പുതിയ ദിശാബോധം പകരട്ടെ.
കേരള ടൈംസ് പത്രം ഐപിസിഎൻഎയെയും സംഘാടകരെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും വിജയാശംസകളും അർപ്പിക്കുന്നു.

Show More

Related Articles

Back to top button