ഫ്ളോറിഡയിൽ മറിയാമ്മ ബെഞ്ചമിൻ (അമ്മുക്കുട്ടി–81) അന്തരിച്ചു

ഫ്ളോറിഡ : ദീർഘകാലം ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലന്റിൽ സ്ഥിരതാമസമായിരുന്ന മാത്യു ബെഞ്ചമിന്റെ സഹധർമ്മിണി ശ്രീമതി മറിയാമ്മ ബെഞ്ചമിൻ (അമ്മുക്കുട്ടി–81) ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ സ്വവസതിയിൽ അന്തരിച്ചു. പൊതുദർശനവും അനുസ്മരണ ശുശ്രൂഷയും ജനുവരി 29-ന് ഫ്ളോറിഡയിൽ നടന്നു. മൃതസംസ്‌കാര ശുശ്രൂഷകൾ ജനുവരി 31 ശനിയാഴ്ച രാവിലെ റോയൽ പാം ബീച്ചിലെ ഔവർ ലേഡി ക്യൂൻ ഓഫ് ദി അപ്പസ്തോലിക് കത്തോലിക്ക ദേവാലയത്തിൽ നടക്കും. തുടർന്ന് പീസ് കാത്തലിക് സെമിത്തേരിയിൽ സംസ്കാരം നടത്തും.

ഇന്ത്യൻ എയർഫോഴ്‌സിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനും സ്റ്റാറ്റൻ ഐലന്റിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മാത്യു ബെഞ്ചമിൻ ഭർത്താവാണ്. എലിസബേത്ത് (ഷേർലി), റെജീന (ഷെഫി), ആനി (ഷീബ), മനോജ് എന്നിവർ മക്കളും, ജോനാഥൻ (വിമൻ), മൈക്കിൾ (വിനയ്), ജൂണിയർ, ജെസീക്ക എന്നിവർ കൊച്ചുമക്കളുമാണ്. ടായി ഗ്രേറ്റ് ഗ്രാൻഡ് ചൈൽഡാണ്. ജോസഫ് വർഗീസ്, ആലീസ് ചെറിയാൻ, ഏബ്രഹാം ജോസഫ് എന്നിവർ പരേതയുടെ സഹോദരങ്ങളാണ്.
1976-ൽ ന്യൂയോർക്കിലേക്ക് കുടിയേറിയ മറിയാമ്മ ബെഞ്ചമിൻ മാൻഹാട്ടനിലെ കൊളംബിയ പ്രസ്ബിറ്റേറിയൻ ആശുപത്രിയിൽ രജിസ്റ്റേർഡ് നഴ്സായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സ്റ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകരായിരുന്ന ബെഞ്ചമിൻ കുടുംബം, സംഘടനയുടെ സെക്രട്ടറി, മലയാളം സ്കൂളിന്റെ സ്ഥാപക പ്രവർത്തകൻ, യൂത്ത് വിഭാഗത്തിന്റെ കോർഡിനേറ്റർ, വിവിധ പരിപാടികളുടെ സംഘാടകൻ എന്നീ നിലകളിൽ നിസ്തുലമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചതായി സഹപ്രവർത്തകർ അനുസ്മരിച്ചു.
2007-ലാണ് കുടുംബം ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് താമസം മാറ്റിയത്. സീറോ മലബാർ കാത്തോലിക്ക ദേവാലയത്തിലെ സജീവാംഗമായിരുന്ന മറിയാമ്മ ബെഞ്ചമിന്റെ വേർപാടിൽ സ്റ്റാറ്റൻ ഐലന്റ് മലയാളി അസോസിയേഷൻ ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി. മലയാളി അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് (ബാബു), സെക്രട്ടറി അലക്സ് തോമസ്, ഫൊക്കാന നേതാവും സ്റ്റാറ്റൻ ഐലന്റ് മലയാളി സീനിയർ ഫോറം പ്രസിഡന്റുമായ തോമസ് തോമസ് പാലത്തറ, എക്യൂമെനിക്കൽ കൗൺസിൽ ഭാരവാഹിയും സാമൂഹ്യ പ്രവർത്തകനുമായ ക്യാപ്റ്റൻ രാജു ഫിലിപ്പ്, മലയാളി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ജോമോൻ മാവേലിക്കര തുടങ്ങിയവർ പരേതയെ അനുസ്മരിച്ച് അനുശോചനം അറിയിച്ചു.




