AmericaKeralaLatest NewsNewsObituary

അമേരിക്കൻ ശാസ്ത്രവേദികളിലെ നിറസാന്നിധ്യം; മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ കലിഫോർണിയയിൽ അന്തരിച്ചു

കലിഫോർണിയ : ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) കലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു. അമേരിക്കൻ ശാസ്ത്രവേദികളിൽ സജീവ സാന്നിധ്യമായിരുന്ന അവർ, പ്രഗത്ഭയായ ഗവേഷകയും സഹപ്രവർത്തകരുടെ ആദരവ് നേടിയ വ്യക്തിത്വവുമായിരുന്നു.

ഐഐടി ഡൽഹിയിൽ നിന്ന് എം.എസ്. ബിരുദവും കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും നേടിയ ഡോ. നിജു, ലോകപ്രശസ്തമായ ബർക്കിലി ലാബിൽ ശാസ്ത്രജ്ഞയായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ശാസ്ത്രലോകത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ അവർ ഔദ്യോഗിക മികവിനൊപ്പം കരുണയും ഉദാരമനസ്കതയും നിറഞ്ഞ വ്യക്തിത്വത്തിനുടമയായിരുന്നു എന്ന് സഹപ്രവർത്തകർ അനുസ്മരിച്ചു.

ശ്രീജിത്ത് ചാലയിൽ ശിവനാണ് ഭർത്താവ്. അർഷിയ ശ്രീജിത്ത്, അർജുൻ ശ്രീജിത്ത് എന്നിവർ മക്കളാണ്. ഗുജറാത്ത് ഇഫ്കോ (IFFCO)യിലെ റിട്ടയേർഡ് എൻജിനീയർ നാരായണൻ കണാരക്കുട്ടി പണിക്കരുടെയും ജയശ്രീ തയ്യുള്ളതിലിന്റെയും മകളാണ്. നീരജ് നാരായണൻ സഹോദരനാണ്.

ഡോ. നിജുവിന്റെ വിയോഗത്തിൽ അമേരിക്കയിലെ മലയാളി സമൂഹവും വിവിധ മേഖലകളിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. സംസ്കാര ശുശ്രൂഷകൾ ട്രേസിയിലുള്ള ഫ്രൈ മെമ്മോറിയൽ ചാപ്പലിൽ നടക്കും. ഫെബ്രുവരി 17ന് ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ, ഫെബ്രുവരി 18ന് രാവിലെ 9.30 മുതൽ 10.30 വരെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.

Show More

Related Articles

Back to top button