
പപ്പായ കഴിക്കുമ്പോൾ സാധാരണയായി അതിന്റെ വിത്തുകൾ നാം ഉപേക്ഷിക്കാറാണ് പതിവ്. അബദ്ധത്തിൽ ചവച്ചാൽ ഉണ്ടാകുന്ന കയ്പ്പും ചവർപ്പുമാണ് പലർക്കും അത് ഒഴിവാക്കാൻ കാരണമാകുന്നത്. എന്നാൽ ഈ ചെറിയ കറുത്ത വിത്തുകളിൽ ആരോഗ്യത്തിന് ഗുണകരമായ നിരവധി ഘടകങ്ങൾ ഒളിഞ്ഞിരിക്കുന്നുവെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 2017ൽ ജേണൽ ഓഫ് ഫാർമകോഗ്നസി ആൻഡ് ഫൈറ്റോകെമിസ്ട്രിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പപ്പായ വിത്തിന് നിരവധി ഔഷധഗുണങ്ങളും പോഷകഗുണങ്ങളും ഉള്ളതായി ചൂണ്ടിക്കാട്ടുന്നു.

ലാബ് പഠനങ്ങൾ പ്രകാരം പപ്പായ വിത്തിൽ നിന്നുള്ള സത്ത് ഇ.കോലി, സാൽമൊണെല്ല, സ്റ്റാഫിലോകോക്കസ് തുടങ്ങിയ ഹാനികരമായ ബാക്ടീരിയകളെ പ്രതിരോധിക്കാൻ സഹായിക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിത്തിൽ അടങ്ങിയിരിക്കുന്ന ബെൻസൈൽ ഐസോതിയോസയനേറ്റ് എന്ന സംയുക്തമാണ് ഈ ആന്റിബാക്ടീരിയൽ ശേഷിക്ക് പിന്നിലെ പ്രധാന ഘടകം എന്നാണ് ഗവേഷകർ പറയുന്നത്. കുടലിലെ ചില പരാന്നജീവികളെ നിയന്ത്രിക്കാനും പപ്പായ വിത്തുകൾ സഹായകരമാകാമെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉണക്കിയ വിത്തുകൾ തേൻ ചേർത്ത് ഉപയോഗിക്കുന്നത് കുടലിലെ പരാന്നജീവികളെ നശിപ്പിക്കാൻ സഹായിക്കാമെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്.
ശക്തമായ ആന്റി ഓക്സിഡന്റ് ഗുണങ്ങളും പപ്പായ വിത്തുകളിൽ കാണപ്പെടുന്നുണ്ട്. ചില പരിശോധനകളിൽ വിറ്റാമിൻ സി പോലുള്ള ഘടകങ്ങളെക്കാൾ ഉയർന്ന ആന്റി ഓക്സിഡന്റ് സ്വാധീനം ഇവയ്ക്ക് ഉണ്ടാകാമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹനാരോഗ്യത്തിനും പപ്പായ വിത്തുകൾ സഹായകരമാണെന്നാണ് വിദഗ്ധർ പറയുന്നത്. പപ്പൈൻ പോലുള്ള എൻസൈമുകൾ അടങ്ങിയിരിക്കുന്നതിനാൽ പ്രോട്ടീൻ വിഘടനത്തെ പ്രോത്സാഹിപ്പിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യാൻ ഇത് സഹായിക്കാം. അൾസർ പോലുള്ള ദഹനസംബന്ധമായ പ്രശ്നങ്ങൾക്കെതിരെയും ഇത് പ്രവർത്തിക്കാമെന്നുമാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.
എന്റമീബ ഹിസ്റ്റോളിറ്റിക്ക എന്ന അമീബയ്‌ക്കെതിരെയും പപ്പായ വിത്തിന്റെ സത്ത് പ്രവർത്തിക്കാമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ കുറയ്ക്കുന്നതിലും പപ്പായ വിത്തുകൾക്ക് പങ്കുണ്ടാകാമെന്ന് മൃഗങ്ങളിൽ നടത്തിയ പരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. ഐസോതിയോസയനേറ്റുകൾ, ലൈകോപീൻ, ഫെനോളിക്‌സ് പോലുള്ള ബയോആക്ടീവ് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ ചില തരത്തിലുള്ള കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ ഇവയ്ക്ക് കഴിവുണ്ടാകാമെന്നുമാണ് ഗവേഷകരുടെ നിരീക്ഷണം. എന്നാൽ ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ മനുഷ്യരിൽ കൂടുതൽ നടത്തേണ്ടതുണ്ടെന്നും അവർ പറയുന്നു.
അതേസമയം പപ്പായ വിത്തുകൾ എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റില്ലെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് ഗർഭിണികൾ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. പലരും വിത്തുകൾ ഉണക്കി പൊടിച്ച് സ്മൂത്തികളിലോ മറ്റു ഭക്ഷണങ്ങളിലോ ചേർത്താണ് ഉപയോഗിക്കുന്നത്. എന്നാൽ സ്ഥിരമായി ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നതിന് മുൻപ് ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശം തേടുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു.




