KeralaLatest NewsSports

വനിതാദിനത്തില്‍ വനിതാ ഫുട്‌ബോള്‍ ടീമിന് തുടക്കം കുറിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍.

തിരുവനന്തപുരം: കാല്‍പ്പന്തുകളിയില്‍ വിസ്മയം തീര്‍ക്കാന്‍ ഡിഫറന്റ് ആര്‍ട് സെന്ററിലെ വനിതാഭിന്നശേഷിക്കാര്‍ ഒരുങ്ങുന്നു.  അന്താരാഷ്ട്ര വനിതാ ദിനത്തില്‍ സെന്ററിലെ ആദ്യത്തെ വനിതാ ഫുട്‌ബോള്‍ ടീമിന് തുടക്കം കുറിച്ചുകൊണ്ടാണ് പുതിയൊരു ചുവടുവയ്പിലേയ്ക്ക് സെന്റര്‍ കടക്കുന്നത്.  ആദ്യവനിതാ ടീമിന്റെ പരിശീലനത്തിന് ജി.വി രാജാ അവാര്‍ഡ് ജേതാവും ഫുട്‌ബോള്‍ താരവുമായ എസ്. ലളിത കിക് ഓഫ് ചെയ്ത് തുടക്കം കുറിച്ചു.  ഡിഫറന്റ് ആര്‍ട് സെന്ററിലെ ടര്‍ഫില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് ഫുട്‌ബോളിന്റെ അടിസ്ഥാന പാഠങ്ങള്‍ പറഞ്ഞുകൊടുക്കുവാനും അവര്‍ മറന്നില്ല.  തുടര്‍ന്ന് നടന്ന വനിതാ ദിനാഘോഷം അവര്‍ ഉദ്ഘാടനം ചെയ്തു.  ഭിന്നശേഷിക്കുട്ടികള്‍ക്ക്  കായികപരവും കലാപരവുമായ കഴിവുകള്‍ക്ക് പിന്തുണയും പ്രോത്സാഹനവും നല്‍കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ഡിഫറന്റ് ആര്‍ട് സെന്റര്‍ പൂര്‍ണമായും ആ കടമ നിര്‍വഹിച്ചുവരികയാണെന്നും അവര്‍ ഉദ്ഘാടനത്തിനിടെ പറഞ്ഞു.  
ഡിഫറന്റ് ആര്‍ട് സെന്ററിലെ പുരുഷവിഭാഗത്തിന് നിലവില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കി വരികയാണ്.

ജിബ്രാള്‍ട്ടസര്‍ സ്വദേശി ജോയല്‍ ആണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്.  ഇതിനോടകം നിരവധി ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുത്ത് കുട്ടികള്‍ വിജയം കൈവരിച്ചിട്ടുണ്ട്.  ആ നിലയിലേയ്ക്ക് പെണ്‍കുട്ടികളെയും ഫുട്‌ബോള്‍ രംഗത്തേയ്ക്ക് ഉയര്‍ത്തുവാനാണ് വനിതാ ദിനത്തില്‍ ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പറഞ്ഞു.  ചടങ്ങില്‍ ഡി.എ.സി ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ കുമാര്‍ നായര്‍, എച്ച്.ആര്‍ മാനേജര്‍ കവിത, മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.  തുടര്‍ന്ന് വനിതാദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളും രക്ഷിതാക്കളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ കലാപരിപാടികളും അരങ്ങേറി.

Show More

Related Articles

Back to top button