KeralaLatest NewsPolitics

ധര്‍മടത്ത് പിണറായി പിന്നില്‍; ആദ്യ മണിക്കൂറില്‍ യുഡിഎഫിന്റെ ശക്തമായ മുന്നേറ്റം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുന്നു. ധര്‍മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നിലാണെന്നത് ശ്രദ്ധേയമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി. അബ്ദുള്‍ റഷീദ് 733 വോട്ടിന്റെ ലീഡിലാണ്.

കേവലഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില്‍ ലീഡ് ഉയര്‍ത്തിയ യുഡിഎഫ് നിലവില്‍ 90 മണ്ഡലങ്ങളില്‍ മുന്നിലാണ്. എല്‍ഡിഎഫ് 45 സീറ്റുകളിലും എന്‍ഡിഎ അഞ്ച് മണ്ഡലങ്ങളിലും ലീഡ് നിലനിര്‍ത്തുന്നു. എല്‍ഡിഎഫ് നിരയില്‍ ഒന്‍പത് മന്ത്രിമാര്‍ പിന്നിലാണെന്നതും രാഷ്ട്രീയമായി ശ്രദ്ധേയമാണ്.

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, ഏറ്റുമാനൂരില്‍ വി.എന്‍. വാസവന്‍, ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാര്‍, കളമശേരിയില്‍ പി. രാജീവ്, മാനന്തവാടിയില്‍ ഒ.ആര്‍. കേളു, നേമത്ത് വി. ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ വി. അബ്ദുള്‍ റഹ്മാന്‍ എന്നിവര്‍ പിന്നിലാണ്.

വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനാല്‍ ലീഡ് നിലകളില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അന്തിമഫലത്തിനായി രാഷ്ട്രീയ രംഗം ഉറ്റുനോക്കുകയാണ്.

Show More

Related Articles

Back to top button