ടൊറന്റോ: വടക്കൻ ഒന്റാറിയോയിൽ ആളിപ്പടരുന്ന കാട്ടുതീയുടെ പുക പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചതോടെ വായു മലിനീകരണം ഗുരുതരമായി. ടൊറന്റോ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വായു ഗുണനിലവാരം അതീവ അപകടനിലയിലെത്തിയതായി അധികൃതർ അറിയിച്ചു.
അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും, കുട്ടികൾ, വയോജനങ്ങൾ, ഗർഭിണികൾ, ശ്വാസകോശ-ഹൃദ്രോഗമുള്ളവർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടെങ്കിൽ എൻ95 മാസ്ക് ധരിക്കാനും വീടുകളുടെ വാതിലുകളും ജനലുകളും അടച്ചുവെക്കാനും അധികൃതർ നിർദേശിച്ചു.
ഒന്റാറിയോ, മാനിറ്റോബ, സസ്‌കാച്ചെവാൻ എന്നിവിടങ്ങളിലെ നിരവധി കാട്ടുതീകൾ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. പുക അമേരിക്കയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതോടെ അവിടെയും വായു ഗുണനിലവാര മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
വാർത്ത: പ്രസാദ് തീയാടിക്കൽ














































