പോൾ കറുകപ്പള്ളി മുൻ ഫൊക്കാന പ്രസിഡൻഡ്
ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റായിരുന്ന ഡോ. എം. അനിരുദ്ധന്റെ നാമധേയത്തിൽ പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷനിലേക്ക് എത്തിച്ചേർന്നിരിക്കുന്ന എല്ലാ പ്രതിനിധികളെയും അതിഥികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഇന്ത്യയുടെ മുൻ രാഷ്ട്രപതി ബഹുമാനപ്പെട്ട കെ. ആർ. നാരായണന്റെയും മുൻ അംബാസഡർ ശ്രീ ടി. പി. ശ്രീനിവാസന്റെയും സാന്നിധ്യത്തിൽ 1983-ൽ രൂപീകൃതമായ ഫൊക്കാന ഇന്ന് ലോകമെമ്പാടുമുള്ള മലയാളി സംഘടനകളുടെ വിശ്വസ്തമായ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. പ്രവാസി മലയാളികളുടെ ശബ്ദമായി, അവരുടെ സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും കാവലാളായി ഫൊക്കാന നാല് പതിറ്റാണ്ടിലേറെയായി ശ്രദ്ധേയമായ സേവനമാണ് നിർവഹിക്കുന്നത്. ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ശക്തിപ്പെടലിനും ഡോ. എം. അനിരുദ്ധൻ നൽകിയ നേതൃത്വം, ദീർഘവീക്ഷണം, സമർപ്പണം എന്നിവ എക്കാലവും ആദരവോടെയും നന്ദിയോടെയും സ്മരിക്കപ്പെടുന്നതാണ്. കേരളത്തിലെ സ്കൂൾതല പരീക്ഷകളിലെ ചോദ്യപേപ്പറുകളിൽ പോലും ഫൊക്കാനയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന തരത്തിൽ ഈ സംഘടനയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടത് നമുക്കെല്ലാവർക്കും അഭിമാനിക്കാവുന്ന നേട്ടമാണ്. ഏതാനും അംഗസംഘടനകളുമായി ആരംഭിച്ച ഫൊക്കാന ഇന്ന് നൂറിലധികം അംഗസംഘടനകളുള്ള, ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ശക്തമായ കുടക്കീഴായി വളർന്നിരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ഈ മഹത്തായ സംഘടനയുടെ പ്രസിഡന്റായി രണ്ട് തവണ സേവനമനുഷ്ഠിക്കാനും, ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനായും പ്രവർത്തിക്കാനുമുള്ള അവസരം ലഭിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിൽ ഒന്നായി ഞാൻ കരുതുന്നു.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ദുരിതമനുഭവിക്കുന്നവർക്കും ആശ്രയമില്ലാത്തവർക്കും കൈത്താങ്ങാകുവാനും, അവരുടെ കണ്ണീർ ഒപ്പുവെക്കുവാനും ഫൊക്കാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതാണ് ഈ സംഘടനയുടെ ഏറ്റവും വലിയ ശക്തിയും പാരമ്പര്യവും. ഇന്ന് ഗിന്നസ് വേൾഡ് റെക്കോർഡിന്റെ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഫൊക്കാനയുടെ ഈ ചരിത്രനേട്ടത്തിന് നേതൃത്വം നൽകുന്ന പ്രസിഡന്റ് ശ്രീ സജിമോൻ ആന്റണിയെയും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്ന എല്ലാ ഭാരവാഹികളെയും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ഫൊക്കാനയുടെ 21-ാമത് അന്താരാഷ്ട്ര കൺവെൻഷൻ എല്ലാ അർഥത്തിലും വിജയകരമാകട്ടെയെന്നും, ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യത്തിനും സൗഹൃദത്തിനും പുതിയ ദിശാബോധം നൽകട്ടെയെന്നും ആശംസിച്ചുകൊണ്ട് എല്ലാവർക്കും ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ സ്വാഗതം നേരുന്നു.












































