ലൂയിസിയാന: ലൂയിസിയാനയിലെ ലേക്ക് ചാൾസിൽ ഉണ്ടായ വാഹനാപകടത്തിൽ ഹരികൃഷ്ണൻ പിള്ള (27) കൊല്ലപ്പെട്ടു. ലൂസിയാനയിലെ മക്നീസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയും സംരംഭകനുമായിരുന്നു. കൊല്ലം ജില്ലയിലെ അഞ്ചലിനടുത്ത് അഗസ്ത്യക്കോട്, നെടുമ്പനയിൽ രാധാകൃഷ്ണൻ പിള്ളയുടെയും കവിത രാധാകൃഷ്ണന്റെയും ഏക മകനാണ്.
ഇന്നലെ, ഒക്ടോബർ 5 തിങ്കൾ രാവിലെ 6 മണിയോടെയാണ് അപകടം. അസൻഷൻ പാരിഷിലുള്ള LA 1-ൽ സ്റ്റുവർട്ട് റോഡിന് സമീപം ആയിരുന്നു സംഭവം.
LA 1-ലൂടെ തെക്കോട്ട് സഞ്ചരിക്കുകയായിരുന്ന 2012 മോഡൽ ഫോർഡ് F-150 വാഹനം സെന്റർ ലൈൻ മറികടന്ന്, വടക്കോട്ട് സഞ്ചരിക്കുകയായിരുന്ന ഹോണ്ട പൈലറ്റ് വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.
അശ്രദ്ധമായ ഡ്രൈവിംഗ്, അശ്രദ്ധമൂലമുള്ള മരണം (negligent homicide) എന്നീ കുറ്റങ്ങൾ ചുമത്തി ഫോർഡ് വാഹനം ഓടിച്ചിരുന്ന ജെയിംസ് കാസിതോയെ (48) പോലീസ് അറസ്റ്റ് ചെയ്തു. പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയാൽ ജയിലിലേക്ക് മാറ്റുമെന്ന് സ്റ്റേറ്റ് പോലീസ് അറിയിച്ചു.
മൃതദേഹം അന്ത്യകർമ്മങ്ങൾക്കായി കേരളത്തിലെത്തിക്കാനുള്ള നടപടികൾ കുടുംബം സ്വീകരിച്ചുവരികയാണ്.
പ്രസാദ് തീയാടിക്കൽ










































