സമ്മേളനത്തിൽ ന്യൂറോ സ്പൈനൽ സർജൻസ് അസോസിയേഷൻ (എൻഎസ്എസ്എ) കേരള ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു
കൊച്ചി, 23 നവംബർ 2026: നട്ടെല്ല് ശസ്ത്രക്രിയാ രംഗത്തെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നൂതന സാങ്കേതികവിദ്യകളും ചികിത്സാ രീതികളും ചർച്ച ചെയ്തുകൊണ്ട് ആസ്റ്റർ മെഡ്സിറ്റിയിലെ ആസ്റ്റർ സ്പൈൻ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രണ്ടാമത് ‘ആസ്ട്ര നെക്സ്റ്റ്’ (ആസ്റ്റർ സയന്റിഫിക് ആൻഡ് റിസർച്ച് അസംബ്ലി) ദ്വിദിന ശാസ്ത്ര സമ്മേളനം സമാപിച്ചു. സമ്മേളനത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100ഓളം ഡോക്ടർമാരും വിദഗ്ധരും പങ്കെടുത്തു.
എൻഡോസ്കോപ്പിക് സ്പൈൻ സർജറി, റോബോട്ടിക്സ്, ന്യൂറോമോഡുലേഷൻ എന്നീ മൂന്ന് പ്രധാന മേഖലകളെ കേന്ദ്രീകരിച്ചാണ് സമ്മേളനം സംഘടിപ്പിച്ചത്. നട്ടെല്ല് ചികിത്സയുടെ ഭാവി നിർണ്ണയിക്കുന്ന ഏറ്റവും പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങൾ, നൂതന ശസ്ത്രക്രിയാ രീതികൾ, ആധുനിക സാങ്കേതികവിദ്യകൾ എന്നിവ സമ്മേളനത്തിൽ ചർച്ച ചെയ്തു. സമ്മേളനത്തിന്റെ ഭാഗമായി ന്യൂറോ സ്പൈനൽ സർജൻസ് അസോസിയേഷൻ (എൻഎസ്എസ്എ) കേരള ചാപ്റ്ററിന്റെ ഉദ്ഘാടനവും നടന്നു.
‘ആസ്ട്ര നെക്സ്റ്റ്’ ദ്വിദിന ശാസ്ത്ര സമ്മേളനത്തിന്റെ ഉദ്ഘാടനം ആസ്റ്റർ മെഡ്സിറ്റി സിഒഒ ഡോ. ഷുഹൈബ് ഖാദർ നിർവഹിച്ചു. ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോസ്പൈൻ സർജറി സീനിയർ കൺസൾട്ടന്റുമാരായ ഡോ. അനൂപ് പി. നായർ, ഡോ. അനൂപ് തോമസ്, ഓർത്തോപീഡിക് സ്പൈൻ സർജറി കൺസൾട്ടന്റ് ഡോ. രഞ്ജിത്ത് കെ. ആർ എന്നിവരുടെ നേതൃത്വത്തിലാണ് കൊച്ചി ഹോളിഡേ ഇന്നിൽ സമ്മേളനം സംഘടിപ്പിച്ചത്.











































