കോംഗോയിൽ കൂട്ട ജയിൽ ചാട്ടം; 160 വനിതാ തടവുകാരെ ബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി കൊന്നു

ഗോമ (കോംഗോ): കോംഗോയിലെ ഗോമ നഗരത്തിൽ നടന്ന കൂട്ട ജയിൽ ചാട്ടത്തിനിടയിൽ, 160 വനിതാ തടവുകാരെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ തീകൊളുത്തിക്കൊന്നു. രുവാണ്ടയുടെ പിന്തുണയുള്ള എം 23 വിമത സായുധസംഘം നടത്തിയ ആക്രമണത്തിനിടെയാണ് ഈ നരമേധം നടന്നതെന്ന് യു.എൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച, ഗോമയിലെ മുൻസെൻസെ ജയിലിൽനിന്ന് തടവുകാർ കൂട്ടത്തോടെ രക്ഷപ്പെടുന്നതിനിടെയാണ് വനിതാ തടവുകാർ കൊലചെയ്യപ്പെട്ടത്. ജയിൽ അക്രമത്തിനിടെ 167-ഓളം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതായും, പിന്നീട് അവരെ ജീവിച്ചുകൊണ്ടിരിക്കേ കെട്ടിടങ്ങൾക്കകത്ത് തീകൊളുത്തിയതായും ബി.ബി.സി യു.എൻ ആഭ്യന്തര രേഖകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തു.
എം 23 വിമതരുടെ ആക്രമണത്തിൽ 2,900 പേർ കൊല്ലപ്പെടുകയും, ഇതിൽ 2,000 മൃതദേഹങ്ങൾ അടക്കം ചെയ്തതായും, 900 മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറികളിലാണെന്നും യു.എൻ റിപ്പോർട്ട് പറയുന്നു.
“ജയിലിൽ ഏകദേശം 4,000 തടവുകാർ ഉണ്ടായിരുന്നു. സംഘർഷത്തിനിടെ പലരും രക്ഷപ്പെട്ടു. വനിതാ തടവുകാർ ഏവരെയും ബലാത്സംഗം ചെയ്തു. പിന്നീട് അവർക്കായി പ്രത്യേകിച്ചുള്ള കെട്ടിടങ്ങൾക്ക് തീകൊളുത്തി. ആരും ജീവനോടെ മുക്തിയില്ല,” – യു.എൻ സമാധാന സേന ഡെപ്യൂട്ടി ചീഫ് വിവിയൻ വാൻ ഡി പെറെ ‘ദി ഗാർഡിയനോട്’ പറഞ്ഞു.