അമേരിക്കയിൽ വീണ്ടും വിമാനാപകടം: അരിസോണയിൽ ജെറ്റുകൾ കൂട്ടിയിടിച്ച് ഒരു മരണം

ലോസ് ഏഞ്ചൽസ്: അരിസോണയിലെ സ്‌കോട്ട്‌സ്‌ഡെയ്ല്‍ മുനിസിപ്പൽ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ബിസിനസ് ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറി, പാർക്ക് ചെയ്തിരുന്ന മറ്റൊരു ജെറ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൂടാതെ നാലുപേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു.ലിയർജെറ്റ് 35A ലാൻഡിംഗിനിടെ നിയന്ത്രണം നഷ്ടപ്പെടുത്തി, ഗൾഫ്‌സ്ട്രീം 200 ജെറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല, എന്നാൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
നിലവിൽ അമേരിക്കയിൽ നിരവധി വ്യോമാപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഈ സംഭവം. അടുത്തിടെ വാഷിംഗ്ടൺ ഡിസിയിൽ പാസഞ്ചർ ജെറ്റും യു.എസ്. ആർമി ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ കൊല്ലപ്പെട്ടു. ഫിലാഡൽഫിയയിൽ മെഡിക്കൽ ജെറ്റ് അപകടത്തിൽ 7 പേർ, അലാസ്‌കയിൽ വിമാനം തകർന്ന് 10 പേർ കൊല്ലപ്പെടുകയും ചെയ്തു.ഈ സംഭവങ്ങൾക്കെതിരെ കൂടുതൽ സുരക്ഷാ പരിശോധനകൾ ആവശ്യപ്പെട്ട് അധികൃതർ മുന്നോട്ടുവരികയാണ്.