മക്കളെ അവഗണിച്ച അമ്മയ്ക്ക് തടവ് ശിക്ഷ: ഡബ്ലിൻ കോടതിയുടെ ശക്തമായ മുന്നറിയിപ്പ്

ഡബ്ലിൻ: നാലുവർഷത്തിനിടെ ആറ് മക്കളോട് ഗുരുതരമായ അവഗണന കാണിച്ചതിന് 34 കാരിയായ അമ്മക്ക് ഡബ്ലിൻ സർക്യൂട്ട് ക്രിമിനൽ കോടതി രണ്ടര വർഷത്തെ തടവ് ശിക്ഷ വിധിച്ചു. കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനാൽ പ്രതിയുടെ പേര് വെളിപ്പെടുത്താനാകില്ല എന്ന് കോടതി വ്യക്തമാക്കി.2016 മുതൽ 2020 ജനുവരി വരെ 10 മാസം മുതൽ 8 വയസ്സ് വരെയുള്ള കുട്ടികൾ മോശം ഭക്ഷണവും തണുത്തുറഞ്ഞ, വൃത്തിഹീനമായ അന്തരീക്ഷവും നേരിട്ടിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. മൂത്ത കുട്ടികൾ മൊഴി നൽകുകയും ശേഷം അവർ സർക്കാർ സംരക്ഷണത്തിലേക്ക് മാറ്റുകയും ചെയ്തു.2021ൽ അമ്മയ്‌ക്കെതിരെ കേസ് എടുത്ത് കൂടുതൽ തെളിവുകൾ സമർപ്പിച്ചപ്പോഴാണ് കേസ് ശക്തമായത്. അയർലൻഡിൽ കുട്ടികളെ അവഗണിക്കുന്നവർക്കുള്ള പരമാവധി ശിക്ഷ 7 വർഷം വരെ ആയിരിക്കുമ്പോഴും, പ്രതിയുടെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് 2.5 വർഷം തടവായി കുറച്ചതായി കോടതി വ്യക്തമാക്കി.”മക്കളെ പരിപാലിക്കുന്നതിൽ വീഴ്ച വരുത്തുന്നത് ഗുരുതരമായ കുറ്റമാണെന്നും ഇത്തരമൊരു അവഗണന അനുവദിക്കാനാകില്ല” എന്ന് ജഡ്ജി മാർട്ടിൻ നോളൻ വ്യക്തമാക്കി.