GulfLatest NewsNewsOther Countries

ഉച്ചസമയ ജോലി നിരോധനം നാളെ മുതൽ പ്രാബല്യത്തിൽ

ദുബൈ: നാളെ (ജൂണ്‍ 15 ഞായറാഴ്ച) മുതല്‍, മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം (MoHRE) വാര്‍ഷിക ഉച്ചസമയ ജോലി നിരോധനം നടപ്പിലാക്കും, ഇത് ഉച്ചയ്ക്ക് 12:30 നും 3:00 നും ഇടയില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതും തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതും നിരോധിക്കുന്നു. ഈ നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും.

നാളെ മുതല്‍ മൂന്ന് മാസത്തേക്കാണ് രാജ്യത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തില്‍ പുറത്ത് ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്. വേനല്‍ക്കാലത്തെ കൊടും ചൂടില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി അവതരിപ്പിച്ച ഈ ഉച്ചവിശ്രമ സംരംഭം 21ാം വര്‍ഷത്തിലേക്കാണ് കടക്കുന്നത്.

അധികൃതരുടെ അറിയിപ്പ് പ്രകാരം, സെപ്റ്റംബര്‍ 15 വരെ ചൂടേറിയ സമയത്ത് കമ്പനികള്‍ തൊഴിലാളികള്‍ക്ക് പുറത്തെ ജോലികളില്‍ നിന്ന് ഇടവേള നല്‍കണം. നിരോധിത സമയങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാന്‍ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രത്യേക പരിശോധനാ സംഘങ്ങളെ നിയോഗിച്ച് നിരീക്ഷണം നടത്തും.

നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് ഒരു തൊഴിലാളിക്ക് 5,000 ദിര്‍ഹം വീതം പിഴയും ഒന്നിലധികം തൊഴിലാളികള്‍ ഉള്‍പ്പെട്ടാല്‍ പരമാവധി 50,000 ദിര്‍ഹം വരെയും പിഴ ചുമത്തും. വേനല്‍ക്കാലത്തിന് തുടക്കമായതോടെ യുഎഇയിലും മറ്റു ഗള്‍ഫ് രാജ്യങ്ങളിലും താപനില കുതിച്ചുയര്‍ന്ന സാഹചര്യത്തിലാണ് ഉച്ചസമയ ജോലി നിരോധനം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നേരത്തേ കുവൈത്തും ഒമാനും മദ്ധ്യഹ്ന സമയത്തെ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

Show More

Related Articles

Back to top button