ഹമാസ് കൈമാറിയ മൃതദേഹം ഷിറി ബീബസിന്റേതല്ലെന്ന് ഇസ്രയേൽ; ഗുരുതര കരാർ ലംഘനം എന്ന് ആരോപണം

തെൽ അവീവ്: ഇസ്രയേലുമായി കരാർ പ്രകാരം ഹമാസ് കൈമാറിയ മൃതദേഹങ്ങളിൽ ഒരെണ്ണം 2023 ഒക്ടോബർ 7-ന് ബന്ദിയാക്കിയ 33കാരി ഷിറി ബീബസിന്റേതല്ലെന്നു സ്ഥിരീകരിച്ച് ഇസ്രയേൽ സൈന്യം (ഐഡിഎഫ്). മറ്റു ബന്ദികളുടെ ഡിഎൻഎ സാംപിളുകളുമായി യോജിച്ചിട്ടില്ലെന്നും അജ്ഞാതവ്യക്തിയുടേതായ മൃതദേഹമാണ് ഹമാസ് കൈമാറിയതെന്നുമാണ് ഐഡിഎഫിന്റെ കണ്ടെത്തൽ. ഈ സംഭവം ഗുരുതര കരാർ ലംഘനമാണ് എന്നാരോപിച്ച് ഷിറിയുടെ ശരിയായ മൃതദേഹം ഉടൻ കൈമാറണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു.ഹമാസ് കൈമാറിയ നാലു മൃതദേഹങ്ങളിൽ രണ്ടെണ്ണം ഷിറിയുടെ മക്കളായ ഏരിയൽ ബീബസിന്റെയും (4 വയസ്സ്) കഫീർ ബീബസിന്റെയും (10 മാസം)തായിരുന്നെന്ന് സ്ഥിരീകരിച്ചു. ഇവർ ക്രൂരമായി കൊല്ലപ്പെട്ടതായും 2023 നവംബറിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിലാണ് ഇവർ മരിച്ചിരിക്കുന്നത് എന്ന ഹമാസിന്റെ വാദം നിരാകരിച്ച് ഇസ്രയേൽ തെളിവുകൾ ആവശ്യപ്പെട്ടു.നാലാമത്തെ മൃതദേഹം 83കാരനായ ഒഡെഡ് ലിഫ്ഷിറ്റ്സിന്റേതായിരുന്നതായി സ്ഥിരീകരിച്ചു.ഹമാസിന്റെ ആക്രമണത്തിൽ ബന്ദിയായ ഷിറി ബീബസ് കുടുംബം, ഇസ്രയേൽ തടവിലായവരുടെ ദുരിതത്തിന്റെ പ്രധാന പ്രതീകമായിരുന്നു. ഭർത്താവ് യാർദെൻ ബീബസിനെ 484 ദിവസങ്ങൾക്കുശേഷം മോചിപ്പിച്ചിരുന്നു.ഹമാസ് ഇതുവരെ ഇസ്രയേലിന്റെ ആരോപണങ്ങൾക്ക് പ്രതികരിച്ചിട്ടില്ല.