പെൻസിൽവാനിയയിൽ ആശുപത്രിയിൽ വെടിവയ്പ്: അക്രമിയും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.

യോർക്ക്, പെൻസിൽവാനിയ: പെൻസിൽവാനിയയിലെ യുപിഎംസി മെമ്മോറിയൽ ആശുപത്രിയിൽ നടന്ന വെടിവയ്പിൽ അക്രമിയും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ആശുപത്രി ജീവനക്കാർ ഉൾപ്പെടെ നിരവധി പേർക്ക് വെടിയേറ്റിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തിൽ പിസ്റ്റളുമായി എത്തിയ അക്രമി ജീവനക്കാരെ ബന്ദികളാക്കി. പൊലീസ് ഇടപെട്ടതോടെ അക്രമിയെ വെടിവച്ച് വീഴ്ത്തി, അതിനിടെ അക്രമിയുടെ വെടിയേറ്റ് ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും ചെയ്തു.
സംഭവത്തിൽ ആശുപത്രിയിലെ ഒരു ഡോക്ടർ, ഒരു നഴ്‌സ്, എന്നിവരുൾപ്പെടെ മൂന്ന് ആശുപത്രി ജീവനക്കാർക്കും 2 പൊലീസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റതായി അധികൃതർ അറിയിച്ചു. ഡയോജെനസ് ആർക്കഞ്ചൽ-ഓർട്ടിസ് (49) എന്നയാളാണ് അക്രമിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പൊലീസ് എത്തിയപ്പോൾ ഇയാൾ ഒരു വനിതാ സ്റ്റാഫ് അംഗത്തെ തോക്കിൻമുനയിൽ നിർത്തിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ വെസ്റ്റ് യോർക്ക് ബറോ പോലീസ് ഡിപ്പാർട്ട്‌മെന്റിലെ ആൻഡ്രൂ ഡുവാർട്ടെ എന്ന ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു.