മെക്സിക്കോ അതിർത്തി അടച്ച് യുഎസ്; ട്രംപിന്റെ പ്രഖ്യാപനം രാഷ്ട്രീയ ചർച്ചയായി.

വാഷിങ്ടൻ: മെക്സിക്കോയുമായുള്ള അതിർത്തി അടച്ചതായി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സാമൂഹ്യമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇത് പ്രഖ്യാപിച്ചത്. “ഞങ്ങളുടെ തെക്കൻ അതിർത്തി അടച്ചിരിക്കുന്നു” എന്ന സന്ദേശമാണ് ട്രംപ് പങ്കുവച്ചത്. നേരത്തെ യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ മെക്സിക്കോ അതിർത്തി അടയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
പടിഞ്ഞാറ് പസഫിക് സമുദ്രം മുതൽ കിഴക്ക് മെക്സിക്കോ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്ന 1,951 മൈൽ നീളമുള്ള അതിർത്തി നഗരപ്രദേശങ്ങൾ, മരുഭൂമികൾ, ദുർഘടഭൂപ്രദേശങ്ങൾ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 700 മൈൽ വരുന്ന അതിർത്തിയിൽ ഇതിനകം വേലി സ്ഥാപിച്ചിരിക്കുകയാണ്. അതിർത്തി സുരക്ഷയും കുടിയേറ്റ നയങ്ങളും യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചാവിഷയങ്ങളാണ്.
മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയ്ൻബോമുമായി അതിർത്തി സുരക്ഷ, വ്യാപാര കരാർ ഒപ്പുവച്ചതിന് ആഴ്ചകൾക്കകം ട്രംപ് അതിർത്തി അടച്ചതായി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. അതിർത്തിയിൽ 10,000 മെക്സിക്കൻ സൈനികരെ അധികമായി വിന്യസിക്കാനും വ്യാപാര ചർച്ചകൾ തുടരാനും ഫെബ്രുവരി ആദ്യവാരത്തിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു.
2018-ൽ പ്രസിഡന്റായിരുന്നപ്പോൾ മെക്സിക്കോ അതിർത്തി സുരക്ഷിതമാക്കാൻ ട്രംപ് 5,200 സൈനികരെ വിന്യസിച്ചിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡൻ അതിർത്തിയിൽ സൈനികരെ വിന്യസിച്ചിരുന്നെങ്കിലും ട്രംപിന്റെ പുതിയ നയം മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കുമെന്നാണു വിലയിരുത്തൽ.
കാലിഫോർണിയ, അരിസോണ, ന്യൂ മെക്സിക്കോ, ടെക്സസ് എന്നീ അതിർത്തി സംസ്ഥാനങ്ങളിൽ 19 ദശലക്ഷത്തോളം ജനങ്ങൾ താമസിക്കുന്നുണ്ട്. ട്രംപിന്റെ പുതിയ തീരുമാനങ്ങൾ ഇവിടത്തെ പ്രാദേശിക സമൂഹങ്ങളെ നേരിട്ട് ബാധിക്കുമെന്നതിൽ സംശയമില്ല.