ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാൻ വിശാലമായ വിട്ട് വീഴ്ചക്ക് രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണം – റസാഖ് പാലേരി.

ദോഹ : മത നിരപേക്ഷതയുടെയും സാമൂഹിക നീതിയുടെയും ഇന്ത്യയെ സംരക്ഷിച്ചു നിർത്താൻ വിശാലമായ വിട്ട് വീഴ്ചക്ക് രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നും ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന പാഠമിതാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിച്ച ലീഡേര്‍സ് മീറ്റും അനുമോദന യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലങ്ങലായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നൊരു സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക മുന്നേറ്റത്തിന് അല്പമെങ്കിലും സഹായകരമായിക്കൊണ്ടിരിക്കുന്ന അവസാന സാമ്പത്തിക സ്രോതസ്സ് കൂടിയാണ് വഖഫ് ഭേദഗതി നിയമത്തിലൂടെ ഇല്ലാതാകാന്‍ പോകുന്നത്. ഇത് ഭാവിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കും. സഹവര്‍ത്തിതത്തിന്റെ തുരുത്തെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്ന കേരളത്തിലും വിദ്വേശ രാഷ്ട്രീയത്തിന്റെ അലയൊലികള്‍ അനുദിനം വര്‍ദ്ദിക്കുന്നു. വോട്ടിനും അധികാരത്തിനും വേണ്ടി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉയർത്തിവിട്ട് സാമൂഹികാന്തരീക്ഷം മലിനമാക്കാന്‍ ഉത്തരവാദപെട്ട ചില പാർട്ടികൾ തന്നെ നേതൃത്വം നല്‍കുന്നു. ഇതിന്റെ ഫലം കൊയ്യാന്‍ പോകുന്നത് ഫാസിസ്റ്റ് ശക്തികളായിരിക്കും. ഇതിനെതിരെ വിവിധ ജനവിഭാഗങ്ങളെ ചേർത്ത് നിർത്തി ഇത്തരം ചെയ്തികളെ ചെറുത്ത തോല്‍പ്പിക്കേണ്ടതുണ്ട്. സാമൂഹിക സൗഹാർദം കത്ത് സൂക്ഷിക്കാനും രാജ്യ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ സംരക്ഷിക്കാനും പ്രവാസികള്‍ക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കും . അതിനുള്ള ശ്രമങ്ങൾ നടത്തുന്ന പ്രവാസി സംഘടനകളുടെ പ്രവർത്തങ്ങൾ മാതൃകാപരമാണെന്നും റസാഖ് പാലേരി പറഞ്ഞു .
പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന പ്രസിഡണ്ട് ആര്‍ ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അന്‍സാര്‍ അബൂബക്കര്‍, പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖലി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ആരിഫ് വടകര, മലപ്പുറം ജില്ലാ പ്രസിഡന്റ് അമീൻ അന്നാര, തിരുവന്തപുരം ജില്ല പ്രസിഡന്റ് നസീർ ഹനീഫ, നുഫൈസ എം.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അപെക്സ് ബോഡിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവരെ റസാഖ് പാലേരി പൊന്നാടയണിയിച്ചു. സംസ്ഥാന്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് ഷാഫി സ്വാഗതവും വൈസ് പ്രസിഡണ്ട് നജ്‌ല നജീബ് സമാപനവും നടത്തി.