ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെടുന്നു; കട്ടിലിൽനിന്ന് കസേരയിലിരുന്നു

വത്തിക്കാൻ സിറ്റി: ന്യുമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വത്തിക്കാൻ അധികൃതർ അറിയിച്ചു. ബുധനാഴ്ച അദ്ദേഹം കട്ടിലിൽനിന്ന് എഴുന്നേറ്റ് കസേരയിൽ ഇരുന്നുവെന്നതാണ് ആരോഗ്യത്തിന് ശക്തമായ മുന്നേറ്റമെന്ന് വിലയിരുത്തപ്പെടുന്നു.
ഈ മാസം 14-നാണ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെറുപ്പത്തിൽ രോഗബാധയെ തുടർന്ന് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്ന സാഹചര്യത്തിൽ, 88 വയസ്സുള്ള മാർപാപ്പയ്ക്ക് ഇപ്പോഴും ഉയർന്ന തോതിൽ ഓക്സിജൻ പിന്തുണ നൽകുന്നു.വത്തിക്കാൻ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അനുസരിച്ച്, മാർപാപ്പയ്ക്ക് ശനിയാഴ്ച മുതൽ ശ്വസന പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. കൂടാതെ, പ്ലേറ്റ്‌ലെറ്റ് എണ്ണത്തിൽ വർദ്ധനയും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കണ്ടെത്തിയ വൃക്ക തകരാറിൽ കുറവുമുണ്ട്.ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെങ്കിലും, ഗുരുതരാവസ്ഥ പൂര്‍ണമായും തരണം ചെയ്തിട്ടില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കിയിട്ടുണ്ട്.