മന്ത്രയുടെ കലാസന്ധ്യയും കൺവെൻഷൻ കിക്ക് ഓഫും മാർച്ച് 1ന് ന്യൂയോർക്കിൽ

ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ കൺവെൻഷൻ കിക്ക് ഓഫും കലാസന്ധ്യയും മാർച്ച് 1ന് ന്യൂയോർക്കിൽ നടക്കും.പ്രസ്തുത ചടങ്ങിൽ മന്ത്രയുടെ പ്രസിഡന്റ്, സെക്രട്ടറി, ട്രസ്റ്റീ ബോർഡ് ചെയർപേഴ്സൺ, മുൻ പ്രസിഡന്റ് എന്നിവർക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കും. ഈ കൂടിക്കാഴ്ച ഒരു മിനി കൺവെൻഷനായി മാറുമെന്ന് റീജിയണൽ വൈസ് പ്രസിഡന്റ്മാരായ പുരുഷോത്തമ പണിക്കർ, അഭിലാഷ് പുളിക്കത്തൊടി, ജയ് കുമാർ, വത്സ തോപ്പിൽ എന്നിവർ അറിയിച്ചു.മന്ത്രയുടെ വലിയ പരിപാടിയായ “ശിവോഹം 2025” ന്റെ രണ്ടാം ഗ്ലോബൽ കൺവെൻഷൻ നോർത്ത് കാരോളിനയിൽ ജൂലൈ 3 മുതൽ 6 വരെ നടക്കും. ഈ കൺവെൻഷനു മുന്നോടിയായി വിവിധ നഗരങ്ങളിൽ കിക്ക് ഓഫും പ്രചാരണ പരിപാടികളും നടന്നു വരികയാണ്.കലാസന്ധ്യയുടെ ഭാഗമായി ഭാരതനാട്യം, മോഹിനിയാട്ടം, സെമി-ക്ലാസിക്കൽ ഡാൻസ്, ബോളിവുഡ് ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിക്കപ്പെടും. പ്രമുഖ കലാകാരന്മാരുടെ സാന്നിധ്യവും ചടങ്ങിന് ആകർഷകത്വം പകരും.ട്രസ്റ്റീ ചെയർമാൻ വിനോദ് കെയാർകെ, സെക്രട്ടറി ഷിബു ദിവാകരൻ, പ്രസിഡന്റ്-എലെക്ട് കൃഷ്ണരാജ് മോഹനൻ, ട്രസ്റ്റീ സെക്രട്ടറി മധു പിള്ള എന്നിവരാണ് പരിപാടിയെ കുറിച്ച് വിശദീകരിച്ചത്. ഹൈന്ദവ ധർമ്മ സംരക്ഷണത്തിനും പൈതൃക സമ്പത്ത് പങ്കുവയ്ക്കുന്നതിനും മികച്ച വേദിയാകും ഈ കിക്ക് ഓഫെന്ന് സംഘാടകർ അറിയിച്ചു.