ബോസ് കൃഷ്ണമാചാരിക്ക് വീനസ് എക്‌സലന്‍സ് സമഗ്രസംഭാവനാ പുരസ്‌കാരം

അഹമ്മദാബാദ്: പ്രശസ്ത കലാകാരനും ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരിക്ക് കര്‍ണാവതി സര്‍വ്വകലാശാലയും യുണൈറ്റഡ് വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ വീനസ് എക്‌സലന്‍സ് അവാര്‍ഡ്‌സില്‍ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം (ലൈഫ്‌ടൈം ഡിസൈന്‍സ് എക്‌സലന്‍സ് അവാര്‍ഡ്). അഹമ്മദാബാദ് ഡിസൈന്‍ വീക്കിന്റെ (എഡിഡബ്ല്യൂ) ആറാം എഡിഷനില്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ (ഡബ്ല്യൂഡിഒ) പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ബോസ് കൃഷ്ണമാചാരി പുരസ്‌കാരം ഏറ്റുവാങ്ങി.
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവും ശില്‍പ്പിയുമായ റസൂല്‍ പൂക്കുട്ടി പുരസ്‌കാരം സമ്മാനിച്ചു.
ബഹമാന്യരായ ഇത്രയും വ്യക്തികള്‍ക്കൊപ്പം ഈ അവാര്‍ഡ് ലഭിച്ചതില്‍ താന്‍ അഭിമാനിക്കുന്നതായി ബോസ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ‘ഇതൊരു വ്യക്തിപരമായ നേട്ടമല്ല, ഇന്ത്യയിലെ സമകാലിക കല, ഡിസൈന്‍, ക്യൂറേറ്റോറിയന്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് ലഭിക്കുന്ന അംഗീകാരമാണ്. കര്‍ണ്ണാവതി സര്‍വ്വകലാശാലയോടും കൊച്ചി ബിനാലേ ഫൗണ്ടേഷനോടും കൊച്ചി-മുസീരിസ് ബിനാലെ ടീമിനും കലാ-ഡിസൈന്‍ സമൂഹത്തിനാകമാനവും അവര്‍ നല്‍കിയ പിന്തുണയ്ക്കും പ്രചോദത്തിനും ഞാന്‍ നന്ദി പറയുന്നു.
ചടങ്ങില്‍ വേള്‍ഡ് ഡിസൈന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ തോമസ് ഗാര്‍വെ, പ്രദ്യുമ്‌ന വ്യാസ്, ഉമംഗ് ഹതേസിംഗ്, റിതേഷ് ഹദ തുടങ്ങിയ ആഗോള ഡിസൈന്‍ രംഗത്തെ പ്രമുഖര്‍ സന്നിഹിതരായിരുന്നു. കല, ഡിസൈന്‍ രംഗങ്ങളിലെ പുതുമകളെ വീനസ് എക്‌സലന്‍സ് അവാര്‍ഡ് ആദരിച്ചു. ആര്‍. എന്‍. മഹേഷ് (വാസ്തുശില്പം, കേരളം), ബോസ് കൃഷ്ണമാചാരി (കല), പ്രമോദ് കുമാര്‍ അഗര്‍വാള്‍ (ബിസിനസ്), പ്രൊഫസര്‍ ഭിമന്‍ ദാസ് (ശില്പം), വിഭോര്‍ സൊഗാനി (ഡിസൈന്‍), ദാദി പദുംജി (പപ്പറ്ററി), ഊര്‍മിള കനോരിയ (ഫിലാന്ത്രോപ്പി), ലലിത് ദാസ് (ഡിസൈന്‍) എന്നിവരാണ് ആദരിക്കപ്പെട്ടത്.
ഡിസൈന്‍, സാങ്കേതിക വിദ്യ, സുസ്ഥിരത എന്നിവയില്‍ ഊന്നി എഡിഡബ്ല്യൂ 6.0 ഷെയേര്‍ഡ് സിഗ്നേച്ചര്‍ എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു. നികുഞ്ജ് ഗോയല്‍, കൃതി തുല, മനീഷ് ഭട്ട്, മുന്‍വര്‍ ഖാന്‍, കൃതി ഷാ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സമകാലിക കലയിലെ സുപ്രധാന വ്യക്തിത്വമായ ബോസ് കൃഷ്ണമാചാരി ചിത്രരചന, ഇന്‍സ്റ്റലേഷന്‍, ക്യൂറേഷന്‍, സീനോഗ്രഫി എന്നിവ ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന കലാപ്രവര്‍ത്തനങ്ങളിലൂടെ ലോകപ്രശസ്തനാണ്. ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ അദ്ദേഹത്തിന്റെ വൈവിധ്യങ്ങളാര്‍ന്ന ഒട്ടനവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2010ല്‍ അദ്ദേഹം സഹസ്ഥാപകനായി ആരംഭിച്ച കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് തുടക്കം കുറിച്ചത്. 2012 ഡിസംബര്‍ 12ന് ആരംഭിച്ച ബിനാലെ ഇന്ത്യയുടെ കലാഭൂപടത്തിലെ നാഴികക്കല്ലാണ്. 2016ല്‍ അദ്ദേഹം ആദ്യ യിന്‍ചുവാന്‍ ബിനാലെയും ക്യൂറേറ്റ് ചെയ്തു.