
ഡൽഹി: ദേശീയപാതകളിൽ ഉപഗ്രഹാധിഷ്ഠിത ടോൾ സമാഹരണ സംവിധാനം നടപ്പാക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ താത്കാലികമായി മരവിപ്പിച്ചതായി റിപ്പോർട്ടുകൾ. യുഎസ് ജിപിഎസ് (GPS) സംവിധാനത്തിന് പകരം ഇന്ത്യയുടെ തദ്ദേശീയ നാവിഗേഷൻ സിസ്റ്റം ഉപയോഗിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ത്യൻ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (IRNSS) വികസിപ്പിക്കുന്നതിനുള്ള നടപടികൾ മുന്നോട്ടു പോകുകയാണ്.2024 ജൂണിൽ കേന്ദ്ര ഗതാഗതമന്ത്രാലയം ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സംവിധാനം (GNSS) ഉപയോഗിച്ച് വാഹനങ്ങളിൽനിന്ന് ടോൾ ഈടാക്കുന്ന പദ്ധതി പ്രഖ്യാപിച്ചിരുന്നു. നിലവിൽ ലോകവ്യാപകമായി അമേരിക്കൻ ജിപിഎസ് ആണ് പ്രധാനമായി ഉപയോഗിക്കുന്നത്. എന്നാൽ, ഇന്ത്യയുടെ തദ്ദേശീയ സാറ്റലൈറ്റ് സിസ്റ്റം IRNSS പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഉപഗ്രഹാധിഷ്ഠിത ടോൾ സംവിധാനം പ്രാവർത്തികമാക്കുകയുള്ളുവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.ഇത് വഴി ടോൾ ബൂത്തുകൾ ഒഴിവാക്കാനും, വാഹനഗതാഗതം സുഗമമാക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. നിലവിലെ ഫാസ്റ്റാഗ് (FASTag) സംവിധാനത്തിനും പരിമിതികളുണ്ടെന്നും അതിനാൽ കൂടുതൽ കൃത്യതയുള്ള, ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ഒരു സാങ്കേതികവിദ്യ ആവിഷ്കരിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.IRNSS പൂര്‍ത്തിയാകുന്നതിന് കുറച്ച് കൂടുതൽ സമയം ആവശ്യമാണ്. അതുവരെ നിലവിലുള്ള ഫാസ്റ്റാഗ് സംവിധാനം തുടരുമെന്നും, പുതിയ സാങ്കേതികവിദ്യ വിജയകരമായി നടപ്പിലാക്കിയ ശേഷം ടോൾ സമാഹരണം പുതിയ സംവിധാനത്തിലേക്ക് മാറ്റുമെന്നും സർക്കാർ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.