
കൊച്ചി : വിഖ്യാത യൂറോളജിസ്റ്റും വൃക്ക മാറ്റ ശസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ജോർജ് പി. എബ്രഹാമിന്റെ നിര്യാണത്തിൽ അനുശോചനമർപ്പിച്ചു വിപിഎസ് ലേക്‌ഷോർ. നാല്പത്തഞ്ചു വർഷം നീണ്ട മെഡിക്കൽ ജീവിതത്തിൽ യൂറോളജി, വൃക്കമാറ്റ ശസ്ത്രക്രിയ രംഗത്ത് അദ്ദേഹം അനന്യമായ സംഭാവനകൾ നൽകിയിരുന്നു.
തന്റെ രോഗികൾക്ക് നൽകുന്ന കരുതലും ശ്രദ്ധയും കരുണയുമാണ് ഡോ. ജോർജ് പി എബ്രഹാമിനെ വേറിട്ട് നിർത്തുന്നത്. തന്നെ തേടിയെത്തുന്നവരുടെ രോഗം ഭേദമായി അവർക്ക് പുതിയ ജീവിതം ലഭിക്കുന്നതിൽ ആയിരുന്നു അദ്ദേഹത്തിന്റെ സന്തോഷം. ചികിത്സ തേടിയെത്തുന്ന ഓരോ രോഗിക്കും അദ്ദേഹം നൽകിയിരുന്ന ആശ്വാസം വാക്കുകൾക്ക് അതീതമാണ്.
ഡോ. എബ്രഹാമിന്റെ മെഡിക്കൽ ജീവിതവും നിരവധി നവീന ചികിത്സാ രീതികളാലും ശസ്ത്രക്രിയകളാലും സമ്പന്നമായിരുന്നു. ശസ്ത്രക്രിയകളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആ മേഖലയിൽ സ്വയം അർപ്പണം തന്നെ നടത്തിയിരുന്നു എന്ന് സഹപ്രവർത്തകർ ഒരേ സ്വരത്തിൽ പറയുന്നു.
ആ അർപ്പണ ബോധത്തിന്റെ ഫലമായി 3600ൽ അധികം വൃക്ക മാറ്റ ശസ്ത്രക്രിയകൾ അദ്ദേഹം വിജയകരമായി നടത്തി. ജീവിച്ചിരിക്കുന്ന ദാതാവിൽ നിന്നുള്ള ലാപറോസ്കോപിക് വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ ശസ്ത്രക്രിയ വിദഗ്ധനായിരുന്നു അദ്ദേഹം. കേരളത്തിൽ ആദ്യമായി കഡാവർ വൃക്ക മാറ്റ ശസ്ത്രക്രിയ, പർക്യൂട്ടനിയസ് നെഫ്രോളിതോടോമി (PCNL), ലാപറോസ്കോപിക് ഡോണർ നെഫ്രെക്ടോമി, 3D ലാപറോസ്കോപ്പി എന്നിവ നടത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 25,000-ത്തിലധികം എൻഡോയൂറോളജിക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത് അദ്ദേഹത്തിന്റെ വൈദ്യപ്രാവീണ്യത്തിന്റെ തെളിവാണ്.
ശസ്ത്രക്രിയ പ്രാവീണ്യത്തിന് പുറമേ, അക്കാദമിക രംഗത്തും ഡോ. എബ്രഹാം സജീവമായിരുന്നു. മൂന്ന് വർഷം നാഷണൽ ബോർഡ് അഫിലിയേറ്റ് ചെയ്ത പി.ജി. അധ്യാപകനായി സേവനമനുഷ്ഠിച്ചു. അറിവ് പങ്കിടുന്നതിനുള്ള ആത്മാർത്ഥതയും നവീനതയോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കി ഇന്ത്യയിൽ ആദ്യമായി 3D ലാപറോസ്കോപിക് യൂറോളജി വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു.
ചികിത്സയിലെ വൈദഗ്ധ്യവും ആരോഗ്യ മേഖലയിലെ സംഭാവനകളും കണക്കിലെടുത്തു ഭാരത് ചികിത്സക് രത്ന അവാർഡ്, ഭാരത് വികാസ് രത്ന അവാർഡ്, ലൈഫ്‌ടൈം ഹെൽത്ത് അച്ചീവ്മെന്റ് അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
“രോഗികളോടുള്ള ഡോ. എബ്രഹാമിന്റെ അനന്തമായ പ്രതിബദ്ധതയും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യവും നമ്മുടെ സ്ഥാപനത്തിലും വൈദ്യസമൂഹത്തിലും അനശ്വരമായ അടയാളം പതിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യയിലെ ദശലക്ഷക്കണക്കിനു മൂത്രാശയ – വൃക്കാശയ രോഗികൾക്ക് ഒരു തീരാ നഷ്ടം തന്നെയാണ്.”, ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.
ഡെയ്സി ജോർജാണ് ഭാര്യ. മകൻ ഡാറ്റ്സൺ പി ജോർജ് വിപിഎസ് ലേക്‌ഷോറിൽ യൂറോളജി കൺസൾട്ടന്റായി സേവനമനുഷ്ഠിക്കുന്നു. മരുമകൾ റിയ.
കൊച്ചുമക്കൾ: കുമാരി റിത്വിക ഡാറ്റ്സൺ, ഇഷിത ഡാറ്റ്സൺ.