അനധികൃത കുടിയേറ്റത്തിനെതിരേ ട്രംപിൻ്റെ കർശന നടപടി

വാഷിംഗ്ടൺ ∙ അനധികൃത കുടിയേറ്റക്കാരെ കുടുംബങ്ങളോടെ അറസ്റ്റു ചെയ്യാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇമിഗ്രേഷൻ ഏജൻസികൾക്ക് നിർദേശം നൽകി. കുടിയേറ്റവിരുദ്ധ നിലപാടുകൾ ശക്തിപ്പെടുത്തുന്നതിന്റെയും ക്രിമിനൽ പശ്ചാത്തലമില്ലാത്തവരെയും ഉൾപ്പെടുത്തി നീക്കമെടുക്കുന്നതിന്റെയും ഭാഗമായി പുതിയ നടപടികൾ നടപ്പിലാക്കുന്നു.
അറസ്റ്റുകൾക്കായി ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) ഉദ്യോഗസ്ഥർ കുടിയേറ്റക്കാരുടെ വീടുകളിലേക്ക് നേരിട്ട് കടന്നുകയറുമെന്ന് റിപ്പോർട്ടുകളുണ്ട്. കുടുംബങ്ങളെ തടങ്കൽ ശിബിരങ്ങളിലേക്കു മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സർക്കാർ അഭിഭാഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, കുടിയേറ്റക്കാരുടെ കുട്ടികളെ മാത്രം ലക്ഷ്യമാക്കി പ്രത്യേകം രൂപീകരിച്ച ഒരു ഓപ്പറേഷൻ നേരത്തേ തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്ന് വിവരങ്ങളുണ്ട്. ഇതോടെ യുഎസിൽ നിയമാനുസൃതമായി താമസിക്കുന്നവരടക്കം കുടിയേറ്റ കുടുംബങ്ങൾ ആശങ്കയിലായിരിക്കുകയാണ്.
2018-ൽ ട്രംപിന്റെ “സീറോ ടോളറൻസ്” നയം അനുസരിച്ച് 5,000-ത്തിലധികം കുടിയേറ്റ കുട്ടികളെയും മുതിർന്നവരെയും വേർതിരിച്ച നടപടികൾ ഏറ്റവുമധികം വിമർശനം നേരിട്ടിരുന്നു. 2021-ൽ പ്രസിഡന്റ് ജോ ബൈഡൻ ഈ രീതികളെ അവസാനിപ്പിച്ചെങ്കിലും, ഇപ്പോഴത്തെ ഉത്തരവ് കുടിയേറ്റക്കാർക്കിടയിൽ പുതിയ ഭീഷണിയായി മാറിയിരിക്കുകയാണ്.