ഒഹായോയിൽ ഉറക്കത്തിൽ മലയാളി സാജു വർഗീസ് (46))അന്തരിച്ചു

ഒഹായോ: യുഎസിലെ ഒഹായോയിൽ മലയാളി ഉറക്കത്തിൽ മരണമടഞ്ഞു. ആലപ്പുഴ ജില്ലയിലെ മാവേലിക്കര ചെറുകോൽ സ്വദേശിയായ സാജു വർഗീസ് (46) ആണ് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഒഹായോ സ്‌റ്റേറ്റിലെ ഡേറ്റൺ സിറ്റിയിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു.
ദീർഘകാലമായി കുവൈത്തിൽ ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന സാജു, ഭാര്യയ്ക്ക് ജോലി ലഭിച്ചതിനെ തുടർന്ന് 2024 ഒക്ടോബറിൽ യുഎസിലെത്തി. ഡേറ്റണിലെ കെറ്ററിങ് ഹെൽത്തിൽ നഴ്‌സായ ഷൈ ഡാനിയേൽ ആണ് ഭാര്യ. അലൻ വി. സാജു, ആൻഡ്രിയ മറിയം സാജു എന്നിവർ മക്കളാണ്. മാവേലിക്കര ചെറുകോൽ മുള്ളൂറ്റിൽ ചാക്കോ വർഗീസ്, പൊന്നമ്മ എന്നിവരാണ് മാതാപിതാക്കൾ. സന്തോഷ്, ഷെറിൻ എന്നിവർ സഹോദരങ്ങളാണ്.
നാട്ടിൽ ചെറുകോൽ മാർത്തോമ്മാ പള്ളിയിലെ അംഗങ്ങളായ സാജുവും കുടുംബവും, സംസ്‌കാരം നാട്ടിൽ നടത്തണമെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരമുള്ള ക്രമീകരണങ്ങൾ സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ഡേറ്റൺ മലയാളി അസോസിയേഷൻ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.