ഫെഡറല്‍ തൊഴിലാളികള്‍ പുനഃനിയമനം ചെയ്യണം; ട്രംപിന് കോടതി തിരിച്ചടി

വാഷിംഗ്ടണ്‍ :ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ചിലവുചുരുക്കൽ നടപടിയുടെ ഭാഗമായി പിരിച്ചുവിട്ട ആയിരക്കണക്കിന് പ്രൊബേഷണറി ഫെഡറൽ തൊഴിലാളികളെ വീണ്ടും നിയമിക്കാന്‍ യുഎസ് ഫെഡറൽ കോടതി ഉത്തരവിട്ടു. യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജിയായ വില്യം അല്‍സപ്പാണ് ട്രഷറി, വെറ്ററന്‍സ് അഫയേഴ്സ്, കൃഷി, പ്രതിരോധം, ഊർജ്ജം, ഇന്റീരിയര്‍ എന്നീ ഫെഡറല്‍ വകുപ്പുകളോട് ഈ ഉത്തരവ് നല്‍കിയത്.
തൊഴിലാളികളെ മോശമായ പ്രകടനം കാരണം പിരിച്ചുവിട്ടതെന്ന് ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഇത് നിയമപരമായ ആനുകൂല്യങ്ങള്‍ ഒഴിവാക്കാനുള്ള തട്ടിപ്പാണെന്ന് ജഡ്ജി വിലയിരുത്തി. ജീവനക്കാരുടെ യൂണിയനുകള്‍ കോടതിയെ സമീപിച്ച കേസിലാണ് ഈ വിധി ഉണ്ടായത്.
വൈറ്റ് ഹൗസില്‍ രണ്ടാം വട്ടം അധികാരം ഏറ്റതിന് ശേഷം ട്രംപ് ഫെഡറല്‍ സര്‍ക്കാരില്‍ വെട്ടിനിരത്തലുകള്‍ നടത്തുകയാണ്. ഈ നടപടികൾക്ക് ശതകോടീശ്വരൻ ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള ഡോജ് (ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷന്‍സി) പിന്തുണ നൽകിയിട്ടുണ്ട്.
ട്രംപിന്റെ നടപടികള്‍ ഇതിനുമുമ്പും നിരവധി നിയമപരമായ പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. അതിനെതിരേ വിവിധ കോടതികൾ പലപ്പോഴും തടയുന്ന വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.