കളമശ്ശേരി പോളിടെക്നിക് ഹോസ്റ്റലില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കൊച്ചി: കളമശ്ശേരി സര്‍ക്കാര്‍ പോളിടെക്നിക് കോളേജിന്റെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്നും 10 കിലോ കഞ്ചാവ് പിടികൂടി. സംസ്ഥാനത്തെ കോളജ് ഹോസ്റ്റലുകളില്‍ നിന്ന് ഇത്രയും വലിയ അളവില്‍ കഞ്ചാവ് പിടികൂടുന്നത് ഇതാദ്യമായാണ്.
പൊലീസിന്റെ മിന്നല്‍ പരിശോധനയില്‍ ഹരിപ്പാട് സ്വദേശി ആദിത്യനും കരുനാഗപ്പള്ളി സ്വദേശി അഭിരാജുമാണ് പിടിയിലായത്. കൂട്ടാളികള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി രണ്ട് മൊബൈല്‍ ഫോണുകളും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ രാത്രി കൊച്ചി നര്‍ക്കോട്ടിക് സെല്‍ ഡാന്‍സാഫ് സംഘം നടത്തിയ റെയ്ഡിലാണ് കഞ്ചാവ് വേട്ട. പുലര്‍ച്ചെ നാലുമണിവരെ നീണ്ട പരിശോധനയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി പായ്ക്കറ്റുകളിലേക്ക് മാറ്റുന്ന സാഹചര്യം പൊലീസ് കണ്ടെത്തി. തൂക്കിയും വില്‍പ്പനയ്ക്കും വേണ്ട എല്ലാ സൗകര്യങ്ങളും ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്നുവെന്ന് നര്‍ക്കോട്ടിക് സെല്‍ എ.സി.പി അബ്ദുല്‍സലാം അറിയിച്ചു.
പൊലീസിനെ കണ്ടയുടന്‍ മൂന്നു വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു. പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.