
വാഷിംഗ്‌ടൺ ഡി.സി.യിലെ പ്രമുഖ കായിക സംഘടനയായ മേരിലാൻഡ് സ്ട്രൈക്കേഴ്സ് നടത്തുന്ന നോർത്ത് അമേരിക്കൻ സോക്കർ ടൂർണമെന്റ് മെമ്മോറിയൽ വീക്കെൻഡായ മെയ് 24-ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അമേരിക്കയിലും കാനഡയിൽ നിന്നുമുള്ള ഒരു ഡസനിലധികം മലയാളി സോക്കർ ടീമുകൾ ക്യാപിറ്റൽ കപ്പിനായി മാറ്റുരയ്ക്കും.
മെരിലാന്റിലെ ഫ്രഡറിക്ക് കൗണ്ടി ഓഥല്ലോ റീജിയണൽ പാർക്കിലെ ടർഫ് ഫീൽഡിൽ ഒരുദിവസം കൊണ്ടുതന്നെ മത്സരം പൂര്‍ത്തിയാക്കാനുള്ള ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയിട്ടുണ്ട്. ടൂർണമെന്റിനോടനുബന്ധിച്ച് ഒരു ക്ലബ്ബിന്റെ ഫണ്ട് റേയ്‌സിംഗിനായി റാഫിൾ ഡ്രോയും സംഘടിപ്പിക്കുന്നതായി അറിയിച്ചിട്ടുണ്ടു. നിലവിൽ ടിക്കറ്റ് വിൽപന ഊർജിതമായി തുടരുകയാണ്.
ടൂർണമെന്റിന്റെ പ്രൗഢിയേറിയ ഉദ്ഘാടനം നോർത്ത് അമേരിക്കൻ മലയാളി സംഘടനകളിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടക്കും. ക്ലബ് ഭാരവാഹികളായ നബീൽ വളപ്പിൽ, ഡോ. മധു നമ്പ്യാർ, റെജി തോമസ് എന്നിവർ ടൂർണമെന്റിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു.
മത്സരങ്ങളുടെ വിജയകരമായ നടത്തിപ്പിന് സൈകേഷ് പദ്മനാഭൻ, മനു സെബാസ്റ്റ്യൻ, സോം സുന്ദർ, നൈജു അഗസ്റ്റിൻ, ടെനി സെബാസ്റ്റ്യൻ, അനിൽ ലാൽ, ബിജേഷ് തോമസ്, ദിലീപ് പിള്ള, ബോസ്കി ജോസഫ്, റോയ് റാഫേൽ എന്നിവർ നേതൃത്വം നൽകുന്ന വിവിധ സംഘാടക സമിതികൾ നിലവിൽ വന്നിട്ടുണ്ട്.