KeralaLatest News

കലാകാരർ കുട്ടികളെ പ്രചോദിപ്പിക്കണം: മന്ത്രി സജി ചെറിയാൻ

ലളിതകലാ അക്കാദമി ഫെലോഷിപ്പുകളും പുരസ്കാരങ്ങളും വിതരണം ചെയ്തു

കൊച്ചി: ഓരോ സാംസ്‌കാരിക സ്ഥാപനവും കുട്ടികളിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കുട്ടികളെ പ്രചോദിപ്പിക്കുന്നതിൽ കലാകാരന്മാർ ശ്രദ്ധ ചെലുത്തണമെന്നും മന്ത്രി പറഞ്ഞു.  കേരള ലളിതകലാ അക്കാദമി 2023-24 ഫെല്ലോഷിപ് സമര്‍പ്പണവും 52-ാമത് സംസ്ഥാന ദൃശ്യകലാ പുരസ്‌കാര സമര്‍പ്പണവും ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിൽ ശനിയാഴ്ച (മാർച്ച് 15) നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

“കുട്ടികൾ അനാവശ്യ വഴികളിൽ സഞ്ചരിക്കുമ്പോൾ വിമര്ശിച്ചിട്ട് കാര്യമില്ല. പഠനം കഴിഞ്ഞാൽ നല്ലൊരു ശതമാനം കുട്ടികൾക്കും കലാ കായിക രംഗങ്ങളിൽ യാതൊരു പ്രവർത്തനങ്ങളുമില്ല. കുട്ടികളെ ഒരു രംഗത്തും ഉൾക്കൊള്ളുന്നില്ല. ചെറിയ തെറ്റ് ചെയ്താൽ പോലും വിമർശിക്കുകയാണ്. കുറ്റക്കാർ സമൂഹവും രക്ഷകർത്താക്കളും അധ്യാപകരുമാണ്. കുട്ടികളെ നല്ല നിലക്ക് നയിക്കാൻ കഴിയുന്നില്ലെങ്കിൽ അതിനാവശ്യമായതെന്താണെന്നു കണ്ടെത്തുകയാണ് വേണ്ടത്. കുട്ടികൾക്ക് അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാൻ കഴിയണം. അതിനായി പ്രവർത്തിച്ചാൽ ലഹരിയുടെ ഉപയോഗം നൂറു ശതമാനവും അവസാനിപ്പിക്കാൻ കഴിയും,” മന്ത്രി പറഞ്ഞു.  

കലാകാരൻമാർ കുട്ടികളിലേക്കും ക്യാംപസുകളിലേക്കും  ഇറങ്ങിച്ചെല്ലണം. അവർക്കാവശ്യമായ പ്രചോദനം കൊടുക്കണം. ഈ വര്ഷം കുട്ടികളുടെ വര്ഷമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

‘കേറള്‍ നഹി കേരളം – ആന്‍ഡ് ഐ റൈസ് എഗെയ്ന്‍’ എന്ന സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനത്തിനും ചടങ്ങിൽ തുടക്കമായി.

ചിത്ര-ശില്പകലാരംഗത്ത് മികച്ച സംഭാവനകള്‍ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ വിശിഷ്ടാംഗത്വം  (ഫെല്ലോഷിപ്പ്) പ്രശസ്ത കലാകാരിയായ സജിത ആര്‍. ശങ്കർ, മുതിർന്ന കലാകാരൻ എന്‍.എന്‍. മോഹന്‍ദാസ് എന്നിവർക്ക് സമർപ്പിച്ചു. .എന്‍. മോഹന്‍ദാസിന് ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കാനായില്ല.  75,000/-രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.  

അഖില്‍ മോഹന്‍, അരുണ്‍ കെ എസ്, ബേസില്‍ ബേബി, ഹിമ ഹരി, പി എസ് ജയ, മുബാറക് ആത്മത, വി ആര്‍ രാഗേഷ് എന്നിവർ ദൃശ്യകലാ വിഭാഗത്തില്‍ സംസ്ഥാന പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.  50,000/-രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. അനുപമ ഏലിയാസ് അനില്‍, ഗായത്രി എ പി, മുഹമ്മദ് സാലിഹ് എം എം, വിദ്യാദേവി പി, വിനോദ് അമ്പലത്തറ, മധു എടച്ചന, ശരത് പ്രേം, ഹരീഷ് മോഹന്‍ സി, കെ വി എം ഉണ്ണി എന്നിവര്‍ 25,000/-രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരങ്ങള്‍ നേടി. വി ശങ്കരമേനോന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് ജയശ്രീ പി ജി, വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് രതീഷ് കക്കാട്ട് എന്നിവരും കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്‌കാരങ്ങള്‍ക്ക്  (10,000/- രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും) അനസ് അബൂബക്കര്‍, ഗ്രീഷ്മ സി, ജോസഫ് ജെ ജോസഫ്, കീര്‍ത്തി ആര്‍., ശാദിയ
സി കെ എന്നിവരും രാജന്‍ എം കൃഷ്ണന്‍ എന്‍ഡോവ്മെന്റ് അവാര്‍ഡിന് (15,000/- രൂപയും സര്‍ട്ടിഫിക്കറ്റും) റിഞ്ചു വെള്ളിലയും കലാസംബന്ധിയായ മൗലികഗ്രന്ഥത്തിനുള്ള അവാര്‍ഡിന് ഡോ. കവിതാ ബാലകൃഷ്ണനും അര്‍ഹരായി.

കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കലാചരിത്രകാരനും നിരൂപകനുമായ ആര്‍. ശിവകുമാര്‍ ചിത്രകാരന്‍ ഇന്ദ്രപ്രമിത് റോയ്ക്കു നല്‍കി പ്രദര്‍ശനത്തിന്റെ കാറ്റലോഗ് പ്രകാശിപ്പിച്ചു. ഹൈബി ഈഡന്‍ എം പി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ വി തോമസ് മുഖ്യപ്രഭാഷണം നടത്തി.  അക്കാദമി ചെയര്‍പേഴ്‌സണ്‍ മുരളി ചീരോത്ത് സ്വാഗതമാശംസിച്ചു. സെക്രട്ടറി എബി എന്‍. ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി. സാംസ്കാരികരംഗത്തെ പ്രവർത്തനം സംബന്ധിച്ച കേരള ലളിതകലാഅക്കാദമിയും സെക്രട്ട് ഹാര്‍ട്ട് കോളേജ് തേവരയുമായുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു.
ചടങ്ങിനെ തുടർന്ന് അലോഷിയും സംഘവും  ‘സംഗീത സദിര്’ അവതരിപ്പിച്ചു.

എറണാകുളം ദര്‍ബാര്‍ഹാളിൽ നടക്കുന്ന ചിത്രശില്‍പ്പകലാ പ്രദര്‍ശനം ഹൈക്കോടതിക്കുസമീപമുള്ള മഹാകവി ജി സ്മാരക ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന കാര്‍ട്ടൂണ്‍, ഫോട്ടോഗ്രഫി, ന്യൂ മീഡിയ പ്രദര്‍ശനം എന്നിവ  ഏപ്രില്‍ 4 വരെ നീണ്ടു നില്‍ക്കും

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button