
ന്യൂഡൽഹി: യുഎസ് ദേശീയ രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡ് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അധ്യക്ഷതയിലുള്ള യോഗങ്ങളിൽ പങ്കെടുക്കുന്നതിനൊപ്പം, വിവിധ രാജ്യ നേതാക്കൾ പങ്കെടുക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിലും അവർ സാന്നിധ്യം അറിയിക്കും. ഇത്, ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഗബ്ബാർഡിന്റെ രണ്ടാമത്തെ രാജ്യാന്തര യാത്രയാണെന്നും റിപ്പോർട്ടുകളുണ്ട്.
ന്യൂഡൽഹിയിൽ വിദേശകാര്യമന്ത്രാലയം ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനുമായി സംയുക്തമായി മാർച്ച് 17 മുതൽ 19 വരെ സംഘടിപ്പിക്കുന്ന റയ്‌സീന ഡയലോഗിൽ പങ്കെടുക്കാനാണ് ഗബ്ബാർഡിന്റെ സന്ദർശനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് അവരുടെ പങ്കാളിത്തം. സന്ദർശനത്തിനിടയിൽ ഇന്ത്യൻ ഉദ്യോഗസ്ഥരുമായും മറ്റ് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളുമായും ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന വിവരം ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിട്ടുണ്ട്.
തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ, സൈബർ സുരക്ഷ, നിർമിത ബുദ്ധി, രഹസ്യവിവര പങ്കിടൽ തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങളിലെ സഹകരണത്തേക്കുറിച്ചുള്ള ചർച്ചകൾ ഇന്ത്യയുമായുണ്ടാകുമെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോള സുരക്ഷാ സഹകരണം വർധിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയ, ജർമനി, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രഹസ്യാന്വേഷണ വിഭാഗം മേധാവികൾ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.