
ന്യൂഡൽഹി ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വാനോളം പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യക്തമായ നിലപാടുകളുള്ള, ധൈര്യവും ദൃഢനിശ്ചയവും നിറഞ്ഞ നേതാവായി ട്രംപിനെ അദ്ദേഹം വിശേഷിപ്പിച്ചു. ‘അമേരിക്ക ആദ്യം’ എന്ന ട്രംപിന്റെ നയം ‘ഇന്ത്യ ആദ്യം’ എന്ന തന്റെ സമീപനവുമായി സാമ്യമുള്ളതാണെന്നും, അതിനാലാണ് ഇരുവരും തമ്മിലുള്ള ബന്ധം അത്ര ശക്തമായതെന്നും മോദി പറഞ്ഞു.
നിർമിത ബുദ്ധി ഗവേഷകൻ ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിലാണ് മോദി ട്രംപിനെക്കുറിച്ച് മനസ്സുതുറന്നത്. ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ പരിപാടിയിൽ ഇരുവരും ഒത്തുചേർന്ന അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. സ്റ്റേഡിയം നിറഞ്ഞ രാഷ്ട്രീയ റാലിയിൽ ട്രംപിന്റെ ആത്മാർത്ഥ പങ്കാളിത്തവും, തന്റെ പ്രസംഗം മുഴുവൻ ശ്രദ്ധയോടെ കേട്ടതും അദ്ദേഹത്തിന്റെ വിനയത്തിന്റെയും നേതൃത്വത്തിന്റെയും തെളിവാണെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രസംഗം കഴിഞ്ഞ ശേഷം ട്രംപിനെ സ്റ്റേഡിയം ചുറ്റിനടക്കാൻ ക്ഷണിച്ചപ്പോൾ, ഒരു മടിയുമില്ലാതെ കൂടെയുണ്ടായതും, എല്ലാ സുരക്ഷാ ബുദ്ധിമുട്ടുകളും മറികടന്നതും അദ്ദേഹത്തിന്റെ ധൈര്യത്തിന് തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
മൂന്നാംവട്ടം അധികാരത്തിൽ എത്തിയ മോദി, ട്രംപിന്റെ ‘അമേരിക്ക ആദ്യം’ നയത്തോടുള്ള തന്റെ പിന്തുണയും വിശദീകരിച്ചു. ‘നാടിനാദ്യം’ എന്ന തത്വത്തിൽ താനും ട്രംപും ഒരേ രീതിയിലാണ് ചിന്തിച്ചതെന്നും അതിനാലാണ് ഇരുവരും തമ്മിലുള്ള ആത്മബന്ധം ശക്തമായതെന്നും മോദി കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ ആദ്യ സന്ദർശനത്തിനിടെയുണ്ടായ അനുഭവം മോദി ഓർമ്മിപ്പിച്ചു. ഔപചാരിക നിയമങ്ങൾ മറികടന്ന്, സ്വന്തം നിലയിൽ വൈറ്റ് ഹൗസ് പരിചയപ്പെടുത്താൻ ട്രംപ് തീരുമാനിച്ചതും, ആരുടേയോ സഹായമില്ലാതെ നേരിട്ട് എല്ലാം വിശദീകരിച്ചതും അദ്ദേഹത്തിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.